വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ചരിത്രപരമായ കണ്ടെത്തല്‍ നടത്തിയത്. 2008 ഒക്ടോബര്‍ 22ന് ചരിത്രത്തിലേക്ക്് കുതിച്ചുയര്‍ന്ന ചാന്ദ്രയാനുമായുള്ള ബന്ധം 2009 ആഗസ്ത് 29 മുതലാണ് ഇന്ത്യക്ക് നഷ്ടമായത്. തുടര്‍ന്ന് ചന്ദ്രയാന്‍ ചന്ദ്രോപരിതലത്തില്‍ കത്തിയമര്‍ന്നിരിക്കാമെന്ന നിഗമനത്തിലായിരുന്നു ഐഎസ്ആര്‍ഒ. എന്നാല്‍ ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലായി ചാന്ദ്രയാന്‍ ഭൂമിയുടെ ഉപഗ്രഹത്തെ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ഇന്റര്‍പ്ലാനറ്ററി റഡാര്‍ വഴിയാണ് നാസ ചന്ദ്രയാന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ചന്ദ്രനെ ചുറ്റുന്ന നഷ്ടമായ പേടകങ്ങളും ബഹിരാകാശ വസ്തുക്കളും കണ്ടെത്തുക എന്നതു ഏറെ വെല്ലുവിളിയാണെന്നാണ് നാസ വൃത്തങ്ങള്‍ പറയുന്നത്. ഇന്റര്‍പ്ലാനറ്ററി റഡാറിന്റെ പുതിയ ആപ്ലിക്കേഷന്‍ ഈ സാങ്കേതിക പരിമിതിയെ മറികടന്നതായി നാസ വ്യക്തമാക്കി.
ഐഎസ്ആര്‍ഒയുടെ കീര്‍ത്തി വാനോളമുയര്‍ത്തിയ ചരിത്ര ദൗത്യമായിരുന്നു ചന്ദ്രയാന്‍ -1 . ഭൂമിയുടെ ഉപഗ്രഹത്തില്‍ ജലസാന്നിധ്യമുണ്ടെന്ന കണ്ടെത്തല്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് ചന്ദ്രയാന്‍-1 ദൗത്യമായിരുന്നു. ചന്ദ്രയാന്റെ നഷ്ടം കനത്ത തിരിച്ചടിയായിരുന്നെങ്കിലും പിന്‍ഗാമിയായി ചന്ദ്രയാന്‍-2 ദൗത്യത്തെ ചന്ദ്രോപരിതലത്തേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
ഇന്ത്യക്ക് ‘നഷ്ടമായ’ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നു: നാസ
Tags: chandrayan-1nasa