X

ചാന്ദ്രയാന്‍ മൂന്ന്; 26 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ തുടങ്ങി, വിക്ഷേപണം നാളെ ഉച്ചക്ക് 2.35ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള ഐ.എസ്.ആര്‍.ഒ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. നാളെ ഉച്ചക്ക് 2.35നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചാന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് കുതിപ്പ് തുടങ്ങുക.

കൗണ്ട് ഡൗണ്‍ ആരംഭിച്ചതോടെ ശാസ്ത്രകുതുകികള്‍ ഉദ്വേഗത്തിന്റെ മുള്‍മുനയിലാണ്. അടുത്ത മാസം അവസാനത്തോടെയാകും പേടകം ചാന്ദ്രോപരിതലത്തിലെത്തുക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് ഉപയോഗിച്ച അതേ മാതൃകയിലുള്ള ലാന്‍ഡറും റോവറുമാണ് മൂന്നാം ദൗത്യത്തിലും ഉപയോഗിക്കുക.

വിക്രം, പ്രഗ്യാന്‍ എന്നീ പേരുകളില്‍ തന്നെയാണ് ഇവ മൂന്നാം ദൗത്യത്തിലും അറിയപ്പെടുകയെന്ന് ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ജീവസാന്നിധ്യത്തിന്റെ സാധ്യതകള്‍ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തില്‍ കഴിഞ്ഞ ദൗത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പഠന വിധേയമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു. ചാന്ദ്രോപരിതലത്തിലെ ധാതു പഠനം ഇതില്‍ പ്രധാനമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10 സെന്റീമീറ്റര്‍ വരെ താഴ്ചയിലുള്ള ധാതുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ പേടകത്തിലുണ്ട്.

ഉപരിതലത്തിലെ പാറക്കല്ലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ശേഖരിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ചന്ദ്രനില്‍ ജീവസാന്നിധ്യമില്ലെന്നും അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മാത്രം പഠിക്കാനുള്ള ഏതെങ്കിലും പ്രത്യേക ഉപകരണങ്ങള്‍ ചാന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനു പകരം ചന്ദ്രോപരിതലത്തിലെ തെര്‍മോ ഫിസിക്കല്‍ കണ്ടീഷന്‍, ഇലക്ട്രിക് കണങ്ങള്‍, പ്രകമ്പനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പഠന വിധേയമാക്കുക. ഭൂമിക്കു സമാനമായ മറ്റു ഗ്രഹങ്ങളെക്കുറിച്ച് ഭാവിയില്‍ നടക്കാനിരിക്കുന്ന പഠനങ്ങളില്‍ ഇത് നിര്‍ണായകമാണെന്നും ഐ.എസ്.ആര്‍. ഒ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 23നോ 24നോ ആയിരിക്കും പേടകം ചാന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക.

webdesk11: