X

ചാന്ദ്രയാന്‍ 3 ഇന്ന് ചന്ദ്രനിലിറങ്ങും; ചരിത്ര നിമിഷത്തിനായി ഇമ ചിമ്മാതെ രാജ്യം

ന്യൂഡല്‍ഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ്‌ലാന്റിങ് ചെയ്യുന്ന ആദ്യ പേടകം. ആ ചരിത്ര നിമിഷത്തിന്റെ പിറവിക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുകയാണ് രാജ്യം. കാര്യങ്ങളെല്ലാം നിശ്ചയിച്ച രീതിയില്‍ നടന്നാല്‍ ഇന്ന് വൈകീട്ട് 6.04ന് ആ ചിരിത്രം പിറക്കും. ഒപ്പം ബഹിരാകാശ ഗവേഷണ രംഗത്ത് ഏത് വന്‍ രാഷ്ട്രങ്ങളോടും കിടപിടിക്കാവുന്ന ശക്തിയാണ് തങ്ങളെന്ന് ഇന്ത്യക്ക് ലോകത്തെ ബോധ്യപ്പെടുത്താനും കഴിയും.

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം അതിന്റെ ലക്ഷ്യത്തിന് തൊട്ടരികിലാണ്. ലാന്റിങിനുള്ള അവസാന വട്ട തയ്യാറെടുപ്പുകള്‍ ലാന്‍ഡിങ് ഓര്‍ബിറ്റര്‍ തുടങ്ങിക്കഴിഞ്ഞു. പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പുള്ള 20 മിനുട്ട്. അതാണ് ഏറ്റവും നിര്‍ണായകം. ‘ഭീകര നിമിഷങ്ങള്‍’ എന്നാണ് ഇസ്രോ തന്നെ ഇതിനെ വിശേഷിപ്പിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്റിങ് നടത്താനുള്ള ചന്ദ്രയാന്‍ രണ്ടിന്റെ ശ്രമം പരാജയപ്പെട്ടത് ഈ ഘട്ടത്തിലായിരുന്നു. തുടര്‍ന്ന് പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഇസ്രോ കൈക്കൊണ്ടിട്ടുണ്ട്. എങ്കിലും ഇതുവരെ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ മൂന്ന് ലാന്റിങിന് തയ്യാറെടുക്കുന്നത് എന്നത് നെഞ്ചിടിപ്പേറ്റുന്നു

പേടകം വിജയകരമായി തന്നെ സോഫ്റ്റ്‌ലാന്റിങ് നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. പേടകം ഭൂമിയിലേക്ക് അയച്ച ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്നലെ ഇസ്രോ പുറത്തുവിട്ടു. ലാന്‍ഡറിലെ ഇമേജര്‍ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇസ്രോ ഇന്നലെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റു ചെയ്തത്. MOX/ISTRAC ല്‍ ഇന്ന് വൈകീട്ട് 5.20 മുതല്‍ ലാന്റിങ് തത്സമയം വീക്ഷിക്കാനുള്ള സൗകര്യം ഐ.എസ്.ആര്‍.ഒ ഒരുക്കിയിട്ടുണ്ട്.

നിര്‍ണായകം ഈ നിമിഷങ്ങള്‍…

റഫ് ബ്രേക്കിങ്

മണിക്കൂറില്‍ 6048 കിലോമീറ്റര്‍, അതായത് ഒരു വിമാനം പറക്കുന്നതിന്റെ പത്തിരട്ടി വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ വേഗത കുറക്കുക എന്നതാണ് ലാന്റിങിന് മുമ്പുള്ള പ്രധാന കടമ്പ. പേടകത്തിലെ തസ്റ്ററുകള്‍ എതിര്‍ദിശയില്‍ പ്രവര്‍ത്തിപ്പിച്ചാണ് വേഗത കുറയ്ക്കുക. ഇതൊടൊപ്പം ചന്ദ്രോപരിതലത്തില്‍ 30 കിലോമീറ്റര്‍ ഉയരത്തിലുള്ള പേകടത്തെ ആറ് കിലോമീറ്റര്‍ ഉയരത്തിലേക്ക് എത്തിക്കും.

ഫൈന്‍ ബ്രേക്കിങ്

175 സെക്കന്റ് നീളുന്ന ബ്രേക്കിങ് പ്രക്രിയയിലൂടെ പേടകത്തെ ചന്ദ്രന്റെ അന്തരീക്ഷത്തില്‍ നിശ്ചലമാക്കി നിര്‍ത്തുന്നതാണ് ഈ ഘട്ടം. ചന്ദ്രോപരിതലവുമായുള്ള അകലം 800 മീറ്റര്‍ ആക്കി ചുരുക്കുകയും ചെയ്യും. തൊട്ടു പിന്നാലെ ലാന്‍ഡറിലെ കാലുകള്‍ പുറത്തേക്ക് വരും. ഈ ഘട്ടത്തിലാണ് ചന്ദ്രയാന്‍ രണ്ടിന് നിയന്ത്രണം നഷ്ടമായത്.

ഉപരിതല നിരീക്ഷണം

സെന്‍സറുകള്‍ ഉപയോഗിച്ച് ഉപരിതലം നിരീക്ഷിക്കുകയും പാറക്കല്ലുകള്‍ ഇല്ലാത്ത, സോഫ്റ്റ്‌ലാന്റിങിന് യോജിക്കുന്ന സ്ഥലം നിര്‍ണയിക്കുകയും ചെയ്യും. ഒപ്പം ചന്ദ്രനോട് 150 മീറ്റര്‍ അടുത്തെത്തും.

ലാന്റിങ്

ലാന്റിങ് എന്ന ചരിത്ര നിമിഷം. ലാല്‍ഡര്‍ മൊഡ്യൂളിലെ രണ്ട് എഞ്ചിനുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് മണിക്കൂറില്‍ 10.8 കിലോമീറ്റര്‍ വേഗതയില്‍ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് തിരിച്ചുവിടും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതായി ലാന്‍ഡര്‍ ലെഗ്ഗുകളിലെ സെന്‍സറുകള്‍ സന്ദേശം കൈമാറിയാല്‍ ഭീകരതയുടെ നിമിഷത്തിന് അന്ത്യമാവും. ദൗത്യം വിജയമായാല്‍ അമേരിക്കക്കും ചൈനക്കും പഴയ സോവിയറ്റ് യൂണിയനും ശേഷം ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്റിങ് വഴി പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

പ്രജ്ഞാന്‍ റോവര്‍ പുറത്തേക്ക്

പുകപടലങ്ങള്‍ അടങ്ങിയാല്‍ ലാന്‍ഡറിലെ റാമ്പ് തുറന്ന് പ്രജ്ഞാന്‍ റോവര്‍ പുറത്ത് വരും. റോവറും ലാന്‍ഡറും ചന്ദ്രോപരിതലത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പരസ്പരം പകര്‍ത്തി ഭൂമിയിലേക്ക് കൈമാറും. തുടര്‍ന്ന് ചന്ദ്രനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അയക്കും.

ആയുസ്സ് 14 ദിവസം

ലാന്ററും റോവറും പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജത്തിലാണ്. അതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയാല്‍ ഒരു ലൂണാര്‍ ദിനം (ഭൂമിയിലെ 14 ദിവസം) മാത്രമേ ഇവയ്ക്ക് ആയുസ്സുണ്ടാകൂ. അതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ കൈമാറാനാണ് പേടകം ശ്രമിക്കുക.

webdesk11: