ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 ദൗത്യം കൊണ്ട് ഇന്ത്യക്കും രാജ്യത്തിനും വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഭാവിയിലെ ആര്‍ട്ടിമിസ് ദൗത്യങ്ങള്‍ക്ക് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി ലഭിക്കുന്ന അറിവുകള്‍ ഗുണം ചെയ്യുമെന്ന് അമേരിക്ക തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിമിസ് കരാര്‍ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ചന്ദ്രയാന്‍ 3 ദൗത്യം ഇന്ത്യയെ പോലെ തന്നെ അമേരിക്കയ്ക്കും ഗുണമാണെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നത്. സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുക, ബഹിരാകാശ പേടകം വിജയകരമായി ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രവര്‍ത്തിപ്പിക്കുക, നിര്‍ണായക ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയാണ് ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ദീര്‍ഘകാലത്തേക്ക് മനുഷ്യ സാന്നിധ്യം ചന്ദ്രനില്‍ ഉറപ്പിക്കുക അടക്കമുള്ള വിശാലമായ ലക്ഷ്യങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള ആര്‍ട്ടിമിസ് പരിപാടിക്കുണ്ട്. ചന്ദ്രനിലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ചന്ദ്രയാന്‍ മൂന്നു വഴി ലഭിക്കുന്ന വിവരങ്ങളും ഉപകാരപ്പെടുമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍. സമാധാനപരമായ ബഹിരാകാശ പര്യവേക്ഷണം ലക്ഷ്യം വെക്കുന്ന ആര്‍ട്ടിമിസ് ഉടമ്പടിയില്‍ അടുത്തിടെയാണ് ഇന്ത്യ ഒപ്പുവെച്ചത്. ചന്ദ്രനു പുറമേ ചൊവ്വയിലേക്കും അതിനും അപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്കായി സഹകരിക്കുകയാണ് ആര്‍ട്ടിമിസ് ഉടമ്പടി കൊണ്ടു ലക്ഷ്യം വെക്കുന്നത്. ഇതുവരെ ഇന്ത്യ അടക്കം 27 രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായിട്ടുണ്ട്. 2024ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഐ.എസ്.ആര്‍.ഒയുടെ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ട പരിശീലനം നാസ നല്‍കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
മൊഡ്യൂള്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചന്ദ്രയാന്‍ 3ന് പ്രധാനമായുള്ളത്. ചന്ദ്രനില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലത്തിലാണ് മൊഡ്യൂള്‍ കറങ്ങുക. പിന്നീട് ലാന്‍ഡറും റോവറും മൊഡ്യൂളില്‍ നിന്നും വേര്‍പെട്ട് ചന്ദ്രനില്‍ ഇറങ്ങും. പിന്നീടുള്ള 14 ഭൂമിയിലെ ദിവസങ്ങളില്‍ വിവിധ പരീക്ഷണങ്ങളും വിവരശേഖരണവുമായി റോവര്‍ ചന്ദ്രനില്‍ കറങ്ങി നടക്കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ നിരവധി സാങ്കേതിക വിദ്യകളുടെ മാറ്റുരക്കല്‍ കൂടിയാണ്. ചന്ദ്രന്റ പ്രതലത്തിലെ മുന്നിലുള്ള തടസങ്ങളെ മറികടക്കാനും മാറി പോവാനും ശേഷിയുള്ളതാണ് ചന്ദ്രനില്‍ ഇറങ്ങുന്ന പേടകം. മുന്നിലെ തടസം മനസിലാക്കി സുരക്ഷിതമായ ചന്ദ്രനില്‍ ഇറങ്ങാനുള്ള സാങ്കേതിക വിദ്യയും പരീക്ഷിക്കപ്പെടും. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടെങ്കിലും ഇതിലൂടെ ലഭിച്ച വിലപ്പെട്ട വിവരങ്ങള്‍ മൂന്നാം ചന്ദ്രയാന്‍ ദൗത്യത്തിന് വഴികാട്ടിയാവുമെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ഉപരിതലത്തിലെ ഊഷ്മാവ് സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും ചന്ദ്രനിലെ കമ്പനങ്ങള്‍ രേഖപ്പെടുത്തുന്നതുമെല്ലാം പുതിയ അറിവുകള്‍ സമ്മാനിക്കും.