X

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് സമയം മാറ്റി; അമ്പിളി തൊടാന്‍ ഇനി രണ്ട് നാള്‍ കൂടി

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍3ന്റെ ലാന്‍ഡിങ് സമയം മാറ്റി നിശ്ചയിച്ചു. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകുന്നേരം 6.04നാണ് ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 5.45 ന് ലാന്‍ഡിങ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടാം ഡീബൂസ്റ്റിംഗ് ഓപ്പറേഷന്‍ വിജയകരമായി നടത്തി. ഇതോടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ലാന്‍ഡിങ് ദൗത്യത്തിന്റെ അവസാന ഘട്ടമാണ് ഇനി ശേഷിക്കുന്നത്. ലാന്‍ഡിങ് ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ടെലിവിഷനിലൂടെയും തത്സമയം കാണാന്‍ കഴിയും.

ഇന്റര്‍നെറ്റ് കണക്ഷനുളള സ്മാര്‍ട്ട്‌ഫോണുകളിലൂടെയും കംപ്യൂട്ടറുകളിലൂടെയും ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ് ലൈവായി കാണാന്‍ കഴിയും. ഓഗസ്റ്റ് 23ന് വൈകുന്നേരം 5.27ന് ലൈവ് സ്ട്രീമിംഗ് ആരംഭിക്കും. 6.04നാണ് ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഡിഡി നാഷണല്‍ ചാനലിലൂടെ സോഫ്റ്റ് ലാന്‍ഡിങ് സൗജന്യമായി കാണാനുള്ള അവസരവും ഐഎസ്ആര്‍ഒ ഒരുക്കിയിട്ടുണ്ട്. ചാന്ദ്രയാന്‍3 സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ തത്സമയ സ്ട്രീമിംഗ് സംഘടിപ്പിക്കാന്‍ സ്‌കൂളുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐഎസ്ആര്‍ഒ ക്ഷണിച്ചിട്ടുണ്ട്.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലായിരിക്കും ലാന്‍ഡര്‍ ഇറങ്ങുക എന്ന പ്രത്യേകത ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിനുണ്ട്. സൂര്യപ്രകാശം തുടര്‍ച്ചയായി ലഭിക്കുന്നതും ചരിവ് കുറഞ്ഞ പ്രദേശവുമായതിനാലാണ് ദക്ഷിണധ്രുവത്തില്‍ പേടകം ഇറങ്ങുന്നത്. ഡീബൂസ്റ്റ് എന്ന പ്രക്രിയയിലൂടെയാണ് പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്ക് (25 കിമീ ഃ 134 കിമീ) എത്തിക്കുക. 30 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് പ്രധാന ഘട്ടമെന്നായിരുന്നു നേരത്തെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന ഡീബൂസ്റ്റിങ്ങില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ 25 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയിരിക്കുകയാണ്. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റും. ഇതിന് ശേഷമാണ് സോഫ്റ്റ്‌ലാന്‍ഡിങ്ങ്. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഇതിനകം 37 ദിവസം പിന്നിട്ടു.

webdesk13: