X

ചാന്ദ്രയാന്‍ 2ന്റെ തകരാര്‍ പരിഹരിക്കാന്‍ സമയമെടുക്കും; ജൂലൈ 22ന് വിക്ഷേപണത്തിന് സാധ്യത

ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിവെക്കാന്‍ ഇടയായ സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍. വിക്ഷേപണം മാറ്റിവെച്ചതുസംബന്ധിച്ച വിശദീകരണത്തിലാണ് ബഹിരാകാശ ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ചന്ദ്രയാന്‍ 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 22 തിങ്കളാഴ്ച വിക്ഷേപണത്തിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് നിശ്ചയിച്ച വിക്ഷേപണത്തിന് 56 മിനുട്ട് മാത്രം ബാക്കിനില്‍ക്കെയാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് വിക്ഷേപണം മാറ്റിവെച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ധന ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ നേരിടാനുണ്ടായ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. വിക്ഷേപണത്തിനു മുമ്പുതന്നെ സാങ്കേതിക തകരാര്‍ കണ്ടെത്തിയത് ഭാഗ്യമാണെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ പ്രതികരിച്ചു. വിക്ഷേപണ വാഹനവും ഉപകരണങ്ങളും സുരക്ഷിതമാണ്. വിക്ഷേപണത്തിനു ശേഷം തകരാര്‍ നേരിട്ടിരുന്നെങ്കില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 978 കോടി രൂപയാണ് രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിനായി രാജ്യം ചെലവിടുന്നത്.

chandrika: