ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 വില്‍ പ്രതീക്ഷകള്‍ നല്‍കി വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ‘വിക്രം’ യുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇസ്‌റോ തുടരുകയാണ്. എന്നാല്‍ ലഭ്യമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഓര്‍ബിറ്റുമായി ആശയവിനിമയം വീണ്ടും സ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.
അതേസമയം ഓര്‍ബിറ്ററില്‍നിന്ന് റോവറിലേക്കു സന്ദേശങ്ങള്‍ കൈമറുന്നതിനുള്ള ശ്രമങ്ങള്‍ ഐ.എസ്.ആര്‍.ഒ തുടരുന്നുണ്ട്. നാസ ഓര്‍ബിറ്ററിന്റെ സഹായവും തേടുന്നുണ്ട്. ദക്ഷിണ ധ്രുവത്തിലെ ഏറ്റവും സങ്കീര്‍ണവും അപകടം നിറഞ്ഞതുമായ സോഫ്റ്റ് ലാന്‍ഡിങിനു വേണ്ടിയുള്ള ശ്രമത്തിനിടെയാണ്, ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഉപകരണമായ റോവര്‍ അടങ്ങിയ ലാന്‍ഡറിന് ഭൂമിയിലെ കേന്ദ്രവുമായുള്ള ബന്ധം നഷ്ടമായത്. ലാന്‍ഡിങിന് മിനുട്ടുകള്‍ ബാക്കിനില്‍ക്കെ, 2.1 കിലോമീറ്റര്‍ മാത്രം മുകളില്‍ വച്ച് പേടകം തെന്നിമാറി ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് നിഗമനം. ഇടിച്ചിറങ്ങിയതു കൊണ്ടുതന്നെ പേടകത്തിനും ഉള്ളിലെ റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെന്‍സറുകളും അടക്കമുള്ള ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. 14 ദിവസമാണ് റോവറിന്റെ ആയുസ്സ്. അത്രയും ദിവസം വരെ പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്‍ തുടരുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഇന്നലേയും ആവര്‍ത്തിച്ചെങ്കിലും ഇതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
രണ്ടാം ചാന്ദ്രദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടു മുമ്പ് തെന്നിമാറി കാണാതായ റോവര്‍ അടങ്ങിയ ലാന്‍ഡര്‍ ചാന്ദ്രോപരിതലത്തില്‍ കണ്ടെത്തിയത് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ്. ചാന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററിലെ ഒപ്റ്റിക്കല്‍ ഹൈ റസല്യൂഷന്‍ ക്യാമറ(ഒ.എച്ച്.ആര്‍.സി) പകര്‍ത്തിയ ചാന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങളിലാണ് ലാന്‍ഡര്‍ പതിഞ്ഞത്. ഈ ചിത്രങ്ങള്‍ ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ ലഭിച്ചതായി ചെയര്‍മാന്‍ ഡോ. കെ ശിവന്‍ സ്ഥിരീകരിച്ചു. ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ്‌ലാന്റിങ് നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് വിവരം. തലകീഴായാണ് പേടകം ചാന്ദ്രോപരിതലത്തില്‍ പതിച്ചതെന്നാണ് സൂചന. ഇതാണ് ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ കമ്മ്യൂണിക്കേഷന്‍ തകരാറിന് കാരണമെന്നാണ് നിഗമനം. ചാന്ദ്രപ്രതലത്തില്‍ ഒരുവശത്തേക്ക് ചരിഞ്ഞുകിടക്കുന്ന നിലയിലാണ് ലാന്‍ഡര്‍ ഉള്ളത്. പേടകം ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതാവാമെന്നു തന്നെയാണ് നിഗമനം.
ഓര്‍ബിറ്ററില്‍ ചാന്ദ്രോപരിതലത്തിന്റെ അതിസൂക്ഷ്മ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകള്‍ ഉണ്ട്. എന്നാല്‍ സൂര്യപ്രകാശമെത്താത്ത കനത്ത ഇരുള്‍മൂടിയ ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡര്‍ ഉള്ളത് എന്നതിനാല്‍ ഓര്‍ബിറ്റര്‍ പകര്‍ത്തുന്ന ക്യാമറാ ചിത്രങ്ങള്‍ക്ക് വ്യക്തത കുറവായിരിക്കും. അതിനാല്‍ തെര്‍മല്‍ ഇമേജുകളെയാണ് ആശ്രയിക്കുന്നത്. ഓര്‍ബിറ്ററില്‍നിന്നുള്ള ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ചാന്ദ്രോപരിതലത്തിലുള്ള ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുന്നത് സെന്‍സറുകള്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് തെര്‍മല്‍ ഇമേജുകള്‍ തയ്യാറാക്കുന്നത്. ഇതിന് കൂടുതല്‍ സമയം എടുക്കും. എങ്കില്‍ മാത്രമേ ലാന്‍ഡറിന്റെ നിലവിലെ സ്ഥിതി, ഇടിച്ചിറങ്ങുക തന്നെ ആയിരുന്നോ, ഉപകരണങ്ങള്‍ക്ക് എത്രത്തോളം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ അറിയാനാവുക.