ന്യൂഡല്‍ഹി: സ്വപ്‌ന പദ്ധതിയായ രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന് വിജയത്തുടക്കമായെങ്കിലും നെഞ്ചിടിപ്പേറുക പേടകം ചാന്ദ്രോപരിതലത്തില്‍ എത്തുന്ന അവസാന ഘട്ടത്തിലാണ്. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഏറ്റവും സങ്കീര്‍ണത നിറഞ്ഞ ഘട്ടവും ഇതുവരെ മനുഷ്യനിര്‍മ്മിത സാങ്കേതിക സംവിധാനങ്ങള്‍ക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ലാന്റിങ് ആണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചയപ്രകാരം കാര്യങ്ങള്‍ നീങ്ങിയാല്‍ സെപ്തംബര്‍ ഏഴിനായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ ലാന്റിങ്.
ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് 28ാം ദിവസം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ എത്തുന്ന ചാന്ദ്രയാന്‍ രണ്ട് 47ാമത്തെ ദിവസമാണ് ചന്ദ്രോപരിതലത്തിലിറങ്ങുക.
കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും ദൈര്‍ഘ്യംവരുന്ന ഭ്രമണപഥത്തിലാണ് പേടകം ഈ ദിവസങ്ങളില്‍ ചന്ദ്രനെ വലംവെക്കുക. ഭ്രമണ പഥത്തില്‍ വെച്ച് ഓര്‍ബിറ്ററുമായി വേര്‍പെട്ട ശേഷമായിരിക്കും ലാന്‍ഡറും റോവറും മാത്രം ചന്ദ്രനിലെത്തുക. 15 മിനുട്ടാണ് ലാന്റിങിന് വേണ്ടി വരുന്ന സമയം. സാവകാശമായിരിക്കും(സോഫ്റ്റ്‌ലാന്റിങ്) ലാന്‍ഡര്‍ ചന്ദ്രന്റെ നിലംതൊടുക. പിന്നെയും നാലു മണിക്കൂര്‍ കാത്തിരിക്കണം പ്രഗ്യാന്‍ എന്ന് വിളിപ്പേരുള്ള റോവര്‍ പുറത്തിറങ്ങാന്‍. ഈ നിമിഷം വരേയും ശാസ്ത്രലോകത്തിന്റെ നെഞ്ചിടിപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കും.
ലാന്‍ഡറില്‍ സ്ഥാപിച്ചിട്ടുള്ള ത്രിവര്‍ണ പതാക അമ്പിളിമുറ്റത്ത് പാറിപ്പറക്കുന്ന അഭിമാന നിമിഷത്തിന് 48 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടത്. ഒരുദിവസം പിന്നിട്ടു കഴിഞ്ഞു. ഇനി 47 ദിവസം. കാത്തിരിക്കാം. സെപ്തംബര്‍ 7,
ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ സ്വപ്‌ന യാത്രക്ക് ഒരിക്കല്‍കൂടി വിജയത്തുടക്കമായാണ് വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 എം. 1ല്‍നിന്ന് വേര്‍പ്പെട്ട് ചാന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റര്‍ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ഇന്നലെ ഉച്ചക്ക് 2.43നാണ് ചാന്ദ്രയാന്‍ രണ്ട് സ്വപ്‌നക്കുതിപ്പ് തുടങ്ങിയത്. 16 മിനുട്ട് പിന്നിട്ടതോടെ സങ്കീര്‍ണമായ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയിച്ചതിന്റെ സന്തോഷം ശാസ്ത്രലോകത്ത് കരഘോഷമായി മുഴങ്ങി. നൂറു കോടി ജനതയുടെ അഭിമാനമാണ് പേടകം ആകാശം തൊട്ടത്.
സാങ്കേതിക തകരാറിനെതുടര്‍ന്ന് കഴിഞ്ഞയാഴ്ച മാറ്റിവെച്ച ദൗത്യത്തിനാണ് ഇന്നലെ തുടക്കം കുറിച്ചത്. ആദ്യ ദൗത്യം മാറ്റിവെച്ച് 24 മണിക്കൂറിനകം തന്നെ സാങ്കേതിക തകരാറുകള്‍ പരിഹരച്ചിരുന്നതായു എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്തതെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.
സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയര്‍ന്ന് 16 മിനുട്ടും 33 സെക്കന്റും പിന്നിട്ടതോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയത്. 18 മിനുട്ടും 30 സെക്കന്റും പിന്നിട്ടതോടെ ഭൂമിയിലെ കണ്‍ട്രോള്‍ സ്‌റ്റേഷനില്‍ ആദ്യ സിഗ്നല്‍ ലഭിച്ചു. ഇതോടെയാണ് സ്വപ്‌നസഞ്ചാരത്തിന്റെ തുടക്കം വിജയിച്ചെന്ന് ഉറപ്പിച്ചത്. നേരത്തെ നിശ്ചയിച്ചതിലും 6000 കിലോമീറ്റര്‍ അകലെയുള്ള ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് നേരിട്ട് ചാന്ദ്രയാന്‍ രണ്ടിനെ എത്തിക്കാന്‍ കഴിഞ്ഞതും ഐ.എസ്.ആര്‍.ഒക്ക് നേട്ടമായി. ചാന്ദ്രോപരിതലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ആയുസ്സും ഇന്ധനവും ഇതുവഴി പേടകത്തിന് ലഭിക്കും.
23 ദിവസം ഭൂമിയെ വലംവെച്ച ശേഷമായിരിക്കും ചാന്ദ്രയാന്‍ രണ്ടിന്റെ അടുത്ത സ്വപ്‌ന സഞ്ചാരം തുടങ്ങുക. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നത് ഈ ഘട്ടത്തിലാണ്. 47 ദിവസം പിന്നിടുമ്പോള്‍ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തിലിറങ്ങും. തമോഗര്‍ത്തങ്ങള്‍ക്കിടയിലെ സമതല പ്രദേശത്തായിരിക്കും ലാന്റിങ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ പേടകമെന്ന ഖ്യാതിയാണ് ചാന്ദ്രയാന്‍ രണ്ടിനെ കാത്തിരിക്കുന്നത്. ലാന്‍ഡറിന്റെ സഹായത്തോടെ സോഫ്റ്റ്‌ലാന്റിങ് ആണ് നിശ്ചയിച്ചിട്ടുള്ളത്. 15 മിനുട്ട് സമയമാണ് ലാന്റിങിന് വേണ്ടി വരിക. രണ്ടാം ചാന്ദ്രയാന്‍ ദൗത്യത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടവും ഇതാണ്. ചാന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ പേടകത്തിനുള്ളില്‍നിന്ന് റോവര്‍ പുറത്തുവരും. പതിയെ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്ന റോവര്‍ നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലെ കേന്ദ്രത്തിലേക്ക് കൈമാറും. ഭൂമിയിലെ 14 ദിവസമാണ് റോവറിന് ആയുസ്സ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങളാണ് റോവറിലുള്ളത്.