ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കും പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഹത്രാസിലേക്ക്. ഹത്രാസില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആസാദ് സന്ദര്‍ശിക്കും. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും പ്രവേശനം വിലക്കിയ സാഹചര്യം മറികടന്നാണ് നേതാക്കളുടെ സന്ദര്‍ശനം. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് യുപി സര്‍ക്കാര്‍.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര, സി.പി.ഐ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു.
വെള്ളിയാഴ്ച ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും ആസാദ് പങ്കെടുത്തിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് ജന്തര്‍ മന്തറില്‍ ആസാദ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളോടെ യുവതി മരിച്ച ദില്ലിയിലെ സഫ്ദര്‍ജംങ് ആശുപത്രിക്ക് പുറത്തും ഭീം ആര്‍മി നേരത്തെ പ്രതിഷേധിച്ചിരുന്നു.