ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്കായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഡല്‍ഹിയിലെത്തുന്നു. ആന്ധ്രക്ക് പ്രത്യേക പദവിയെന്ന ആവശ്യത്തിന് പ്രതിപക്ഷ പിന്തുണ നേടുകയെന്നതാണ് നായിഡുവിന്റെ ലക്ഷ്യം. ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് നായിഡുവിന്റെ ഡല്‍ഹിയാത്ര തീരുമാനിച്ചത്. ഏപ്രില്‍ രണ്ടിനോ മൂന്നിനോ യാത്ര നടത്താനാണ് തീരുമാനം.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരസിച്ചതോടെയാണ് ദീര്‍ഘകാലമായുള്ള എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കാന്‍ നായിഡുവിനെ പ്രേരിപ്പിച്ചത്. ഡല്‍ഹിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും നായിഡു ചര്‍ച്ച നടത്തും. മുന്നണി വിട്ടതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ പരാജയപ്പെടുത്തേണ്ടത് നായിഡുവിന്റെ അഭിമാനപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യത്തിനപ്പുറം മോദിക്കെതിരായ രാഷ്ട്രീയ കരുനീക്കങ്ങളുടെ ഭാഗമായാണ് നായിഡുവിന്റെ ഡല്‍ഹി യാത്ര വിലയിരുത്തപ്പെടുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി എന്‍.സി.പി നേതാവ് ശരത് പവാര്‍ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിയിലെ മോദി വിരുദ്ധരായ ശത്രുഘ്‌നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവരുമായും ചര്‍ച്ച നടത്തുമെന്ന് മമത വ്യക്തമാക്കിയിരുന്നു. സോണിയാ ഗാന്ധി ആരോഗ്യം വീണ്ടെടുത്ത ശേഷം അവരുമായും ചര്‍ച്ച നടത്തുമെന്ന് മമത പറഞ്ഞിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മോദിക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരുന്ന കാഴചയാണ് കാണുന്നത്. കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാം വിലാസ് പാസ്വാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ നിലപാടുകളില്‍ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി പക്ഷവും മോദി വിരുദ്ധ പക്ഷവും എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.