കഡപ്പ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മോദി രാക്ഷസനാണെന്ന് കഡപ്പയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. 2002ലെ ഗോദ്ര സംഭവത്തിന് ശേഷം ഗുജറാത്തില്‍ 2000 ജീവനുകള്‍ വിഴുങ്ങിയ ആളാണ് മോദിയെന്നും താനാണ് ആദ്യമായി മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെന്നും നായിഡു അവകാശപ്പെട്ടു.
മോദി ഭരണത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി യു.പി, കശ്മീര്‍ തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കടുത്ത പരീക്ഷണമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് കൊണ്ടു വന്നത് മുസ്്‌ലിംകളെ ജയിലിലിടുക എന്ന ലക്ഷ്യത്തോടെയാണെന്നും നായിഡു ആരോപിച്ചു. മോദിയോടൊപ്പം വൈ.എസ്.ആര്‍.സി.പി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢിയേയും നിശിതമായി നായിഡു വിമര്‍ശിച്ചു.
തുളസിത്തോട്ടത്തില്‍ വളര്‍ന്ന കഞ്ചാവ് ചെടിയാണ് ജഗനെന്നും നായിഡു പറഞ്ഞു. രാജ്യത്ത് 31 ക്രിമിനല്‍ കേസുകളുള്ള ഏക നേതാവാണ് ജഗനെന്നും നായിഡു ആരോപിച്ചു.
അതേ സമയം തെലങ്കാനയില്‍ നിന്നും ടി.ഡി.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും നായിഡു വ്യക്തമാക്കി. ടി.ഡി.പി മത്സരിക്കുന്നത് വോട്ടുകള്‍ വിഭജിക്കുന്നതിനും ഇതുവഴി ടി.ആര്‍.എസിനും ബി.ജെ.പിക്കും സഹായകരമാവുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് മത്സര രംഗത്തു നിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം അറിയിച്ചു.