തെലുങ്ക് ദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യവിട്ടിതിനു പിന്നാലെയുള്ള ടി.ഡി.പി-ബി.ജെ.പി വാക്‌പോര് മുറുകുന്നു. രാജ്യം ഭരിക്കുന്ന ബി.ജെ.പി നുണയന്‍മാരുടെ പാര്‍ട്ടിയാണെന്നും ഇവരുമായി സഖ്യത്തിലുണ്ടായിരുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടിക്ക് പതിനഞ്ച് സീറ്റ് അധികം ലഭിക്കുമായിരുന്നു എന്നാണ് ഒടുവില്‍ ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്രബാബു നായിഡു ആരോപിച്ചിരിക്കുന്നത്. ടിഡിപിയുടെ 37 ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ചന്ദ്രബാബു നായിഡു ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ആന്ധ്രാ വിഭജനത്തിനുശേഷം, ഞങ്ങള്‍ ബിജെപിയുമായി സഖ്യത്തിലായി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നില്ല ഇത്. വികസനം മുന്നില്‍ കണ്ടായിരുന്നു.ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതില്‍ അവര്‍ ഞങ്ങളെ ചതിച്ചു. പ്രത്യേക പദവി റദ്ദാക്കുകയാണെന്നാണ് അവരുടെ വാദം. പക്ഷെ ഇന്നും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയുടെ ആനുകൂല്യങ്ങളെല്ലാം അവര്‍ നല്‍കുന്നുണ്ട് . പിന്നെ എന്തുകൊണ്ട് അത് ഞങ്ങള്‍ക്ക് മാത്രം തരുന്നില്ല. അത് ഞങ്ങളുടെ അവകാശമാണ്.കേന്ദ്രസര്‍ക്കാര്‍ കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. നുണയന്‍മാരാണ് അവര്‍, ഇവരുമായി സഖ്യത്തിലുണ്ടായിരുന്നില്ലെങ്കില്‍ ത ടിഡിപിക്ക് പതിനഞ്ച് സീറ്റ് അധികം ലഭിക്കുമായിരുന്നു. കള്ളങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന സര്‍ക്കാറാണ് ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടിഡിപി കഴിഞ്ഞ മാര്‍ച്ച് 16നാണ് എന്‍ഡിഎ സഖ്യം വിട്ടത്. തുടര്‍ന്ന് ടിഡിപിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. ടി.ഡി.പി സഖ്യമുപേക്ഷിച്ചതിന് പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ടി.ഡി.പിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് അന്നു തന്നെ ടി.ഡി.പി പ്രതികരിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയത്തില്‍ ബിജെപി നേതാക്കളും കേന്ദ്ര സര്‍ക്കാരും നിരന്തരം നുണ പ്രചരിപ്പിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.