ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാന്‍ തിരക്കിട്ട ചര്‍ച്ചകളുമായി ടി.ഡി.പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തലസ്ഥാനത്ത്. രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബി.എസ്.പി അധ്യക്ഷ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവരുമായി അദ്ദേഹം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നാണ് നായിഡുവിന്റെ നിര്‍ദേശം. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിനോടും അദ്ദേഹത്തിന് എതിര്‍പ്പില്ല. അതേസമയം കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന മായാവതി അടക്കമുള്ളവരെ എങ്ങനെ സഖ്യത്തിനൊപ്പം നിര്‍ത്തുമെന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.