തെരഞ്ഞെടുപ്പിനു പിന്നാലെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ നാല് വാർത്ത ചാനലുകളുടെ സംപ്രേഷണം നിർത്തിവെപ്പിച്ചു. തെലുങ്ക് ചാനലുകളായ ടി.വി 9, എൻ.ടി.വി, 10 ടി.വി, സാക്ഷി ടി.വി എന്നിവയുടെ സംപ്രേഷണത്തിൽനിന്നാണ് വെള്ളിയാഴ്ച രാത്രി മുതൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് പിൻമാറിയത്. വൈ.എസ്.ആർ.കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്‌ഡിയുടെ കുടുംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡിന് കീഴിലുള്ള ചാനലാണ് സാക്ഷി ടി.വി.
നാല് പ്രാദേശിക വാർത്താ ചാനലുകൾ സർക്കാർ തടഞ്ഞുവെന്നാരോപിച്ച് വൈ.എസ്.ആർ.സി.പി രാജ്യസഭാംഗം എസ്. നിരഞ്ജൻ റെഡ്ഢി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) പരാതി നൽകി. ടി.ഡി.പിയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ സമ്മർദ്ദം കാരണമാണ് ആന്ധ്രാപ്രദേശ് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തിയതെന്ന് നിരഞ്ജൻ റെഡ്ഡി ട്രായ്‌ക്ക് അയച്ച കത്തിൽ പറയുന്നു. നാലു ചാനലുകളും നിർത്തിവെച്ചത് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റെഡ്ഢി പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള സർക്കാരിന്റെ കടന്നു കയറ്റമാണിതെന്ന് വൈ.എസ്.ആർ.കോൺഗ്രസ് ആരോപിച്ചു. മാധ്യമങ്ങളിലും പ്രക്ഷേപണ സേവനങ്ങളിലും അനാവശ്യമായി സർക്കാർ സ്വാധീനം ചെലുത്തുന്നതിൽ സമഗ്രമായ അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ട്രായിയോട് വൈ.എസ്.ആർ.കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, ചാനലുകളെ തടഞ്ഞതിൽ പങ്കില്ലെന്നും നടപടിയെടുത്തത് കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് ആണെന്നുമാണ് ഡി.ടി.പി സർക്കാറിന്റെ വാദം.
വൈ.എസ്.ആർ. കോൺഗ്രസിന്റെ പുതുതായി പണിയുന്ന കേന്ദ്ര കമ്മിറ്റി ഓഫിസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തതിനു പിന്നാലെയാണ് നായിഡു സർക്കാർ ചാനൽ വിലക്കിലേക്ക് നീങ്ങിയത്. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുത്തരവ് മറികടന്ന് കെട്ടിടം പൊളിച്ചത്. ഇതെത്തുടർന്ന് ചന്ദ്രബാബു നായിഡു ഏകാധിപതിയെപോല പെരുമാറുന്നുവെന്ന് ആരോപിച്ച് ജഗൻ രംഗത്തെത്തിയിരുന്നു. ആന്ധ്രയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്ക് ആക്കം കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ.