X

മഹാസഖ്യ നീക്കത്തിന് വേഗതയേറി; ചന്ദ്രബാബു നായിഡു- ദേവഗൗഡ കൂടിക്കാഴ്ച നടത്തി

ബംഗളൂരു: ബി.ജെ.പിക്കെതിരെയുള്ള മഹാസഖ്യനീക്കം സജീവമാക്കി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച്ച നടത്തി. പത്മനാഭ നഗറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച നടന്നത്.
കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം തിളക്കമാര്‍ന്ന വിജയം നേടിയതിന് പിന്നാലെയാണ് നായിഡുവിന്റെ സന്ദര്‍ശനം.

ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നതാണ് ഇരുവരുടേയും തീരുമാനം.

കര്‍ണാടകയിലെ വന്‍ വിജയത്തില്‍ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ കുമാരസ്വാമിയെ ടെലഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ സീറ്റിലേക്കും രണ്ട് അസംബ്ലി സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നാലു സീറ്റുകളും നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലത്തില്‍ ശിവമോഗ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി വൈ രാഘവേന്ദ്ര വിജയിച്ചു.

അതേസമയം, ബിജെപി ശക്തിദുര്‍ഗമായ ബെല്ലാരിയില്‍ അടക്കം കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം വമ്പന്‍ വിജയം നേടിയത് യെദ്യൂരപ്പയ്ക്കും സംഘത്തിനും കനത്ത തിരിച്ചടിയായി. 2004 ന് ശേഷം ഇവിടെ ആദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ശാന്തയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രപ്പ പരാജയപ്പെടുത്തിയത്.

chandrika: