ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആന്ധ്രാപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങളുടെ വീഡിയോ പുറത്തുവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതിയില്‍ നടത്തിയ റാലിയിലാണ് ചന്ദ്രബാബു നായിഡു മോദിയുടെ നുണകള്‍ തെളിവ് സഹിതം പൊളിച്ചടുക്കിയത്. മോദി ആന്ധ്രാപ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് നായിഡു റാലിയില്‍ ആരോപിച്ചു.
2014 ഏപ്രില്‍ 30ന് ഇതേ സ്ഥലത്ത് നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയടക്കമുള്ള കാര്യങ്ങള്‍ വാഗ്ദാനം ചെയ്തത്. നായിഡു പുറത്തു വിട്ട വീഡിയോയില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് മോദി പറയുന്നുണ്ട്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ മോദി ആ വാഗ്ദാനം നിഷേധിക്കുകയായിരുന്നു. ഇതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ‘വഞ്ചനയുടെ രാഷ്ട്രീയത്തിനെതിരായ പോരാട്ടം’ എന്ന തലക്കെട്ടില്‍ ടി.ഡി.പി റാലി സംഘടിപ്പിച്ചത്. നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഒരു ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം മോദി സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് ടി.ഡി.പി കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ ഫെബ്രുവരിയില്‍ പിന്‍വലിച്ചിരുന്നു. ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ സമര പരിപാടികളുമായാണ് ടി.ഡി.പി മുന്നോട്ട് പോകുന്നത്. അതിന്റെ ഭാഗമായാണ് ഇന്ന് റാലി സംഘടിപ്പിച്ചത്.