പുത്തൂര്‍ റഹ്മാന്‍
ജര്‍മ്മനിയില്‍ മൗത്ഹൗസനില്‍ ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പായിരുന്ന കെട്ടിട സമുച്ചയം ഇപ്പോഴൊരു മ്യൂസിയമാണ്. അതിന്റെ കവാടത്തില്‍ എഴുതിയിരിക്കുന്ന ഒരു വാചകം ‘മുതലാളിത്തത്തിന്റെ പ്രിയപ്പെട്ട പുഷ്പമാണ് ഫാസിസം എന്നകാര്യം ഒരിക്കലും മറക്കാതിരിക്കുക’ എന്നാണ്. വന്‍കിട വ്യവസായികളുടെ പരിപൂര്‍ണ പിന്തുണ ഹിറ്റ്‌ലര്‍ നേടിയിരുന്നു. ഹിറ്റ്‌ലറും മൂന്നാലുപേരും ചേര്‍ന്നല്ല, ഭരണകൂടവും ജനങ്ങളിലൊരു വിഭാഗവും ഒരുമിച്ചാണ് ലക്ഷക്കണക്കിനു ജൂതരെയും എതിരഭിപ്രായമുള്ളവരെയും കൊന്നതും ലക്ഷണമൊത്ത ഫാസിസ്റ്റു ഭരണകൂടത്തിന്റെ മാതൃകയായി ജര്‍മ്മനിയെ മാറ്റിയതും. ഫാസിസം വളരേണ്ടത് കോര്‍പറേറ്റുകളുടെ ആവശ്യവും കോര്‍പറേറ്റുകളുടെ വളര്‍ച്ച ഫാസിസ്റ്റുകളുടെ ആവശ്യവുമാണ്. ഇന്ത്യയിലും ഇപ്പോഴതാണ് സംഭവിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവുമായ ഫാസിസത്തോടൊപ്പം കോര്‍പറേറ്റ് ഫാസിസവും കൃത്യമായ അളവില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ രീതിയായിക്കഴിഞ്ഞു. ലക്ഷദ്വീപില്‍നിന്നുള്ള വാര്‍ത്തകള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രം.
രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കയാണ്. കോവിഡ് മഹാമാരിയും ഗവണ്‍മെന്റിന്റെ ലക്ഷ്യബോധമില്ലാത്തതും പരാജയപ്പെട്ടതുമായ പ്രതിരോധസന്നാഹങ്ങളും രാജ്യത്തെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുകയാണ്. അപ്പോള്‍ തന്നെയാണ് പരമാധികാരവും സ്വാതന്ത്ര്യവും സമ്പത്തും കോര്‍പറേറ്റ് മുതലാളിമാര്‍ക്കുമുന്നില്‍ അടിയറവെക്കുകയും ചെയ്തുപോരുന്നത്. കോര്‍പറേറ്റ് മുതലാളിമാരെയും സമ്പന്ന വ്യവസായ ബിസിനസ് ലോബിയേയും പ്രീണിപ്പിക്കാനായി ഇന്ത്യയിലെ കൃഷിനിയമങ്ങളും തൊഴില്‍ നിയമങ്ങളും മാറ്റിയെഴുതിയത് നാം കണ്ടു. കര്‍ഷകര്‍ ഇന്നും സമരത്തിലാണ്. അക്കൂട്ടത്തില്‍ കാണേണ്ടതാണ് ലക്ഷദ്വീപിനെതിരെയുള്ള കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ നീക്കവും.
കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേയറ്റത്തേക്കുള്ള ദൂരം നോക്കിയാല്‍, ലക്ഷദ്വീപിലേക്ക് അത്രയും ദൂരമില്ല. അത്രയും അടുത്താണ് കടലില്‍ വീണു ചിതറിയപോലെ കിടക്കുന്ന മുപ്പത്തിയാറ് പവിഴദ്വീപുകള്‍ അടങ്ങിയ ലക്ഷദ്വീപ്‌സമൂഹം. കേരളത്തില്‍നിന്നും കല്‍പേനി ദ്വീപിലേക്കുള്ള ദൂരം ഇരുനൂറ്റി എണ്‍പത്തിയേഴ് കിലോമീറ്റര്‍. കവരത്തിയിലേക്കു നാനൂറ്റിനാല് കിലോമീറ്റര്‍. 1956 മുതല്‍ കേന്ദ്രഭരണ പ്രദേശമായ ദ്വീപിലെ മനുഷ്യര്‍ക്കു കരയെന്നാല്‍ കേരളമാണ്. ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ക്ക് രാഷ്ട്രീയപരമോ സാംസ്‌കാരികമോ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമോ ആയ ഏതുതരം അധിനിവേശവും വംശഹത്യ തന്നെയും സംഘടിപ്പിക്കാന്‍ പറ്റിയ ഭൂമിശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ ഭൂമിയാണ് ദ്വീപ്. ഒരു മുസ്‌ലിം പ്രശ്‌നമാക്കിമാറ്റിയാല്‍ ഭരണകൂടത്തിനും സംഘ്പരിവാറിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്ന അജണ്ടയാക്കി അതു മാറ്റാം. ഗുജറാത്തില്‍ നിന്നും ഇറക്കുമതി ചെയ്ത അഡ്മിനിസ്‌ട്രേറ്റര്‍വഴി ദ്വീപില്‍ ഇപ്പോള്‍ കളമൊരുക്കിയിരിക്കുന്നത് അത്തരമൊരു പദ്ധതിക്കു തന്നെയാണ്.
മല്‍സ്യവും നാളികേരവും ഒഴികെ എന്തിനും ഏതിനും കേരളത്തെ ആശ്രയിക്കുന്ന ജനത. പത്തു ഗ്രാമപ്പഞ്ചായത്തുകളും പത്തു ഗ്രാമസഭകളും ഒരു ജില്ലാപഞ്ചായത്തുമുള്ള ദ്വീപിലെപ്പോലെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സംവിധാനം രാജ്യത്ത് മറ്റൊരിടത്തുമില്ലെന്നാണു പഞ്ചായത്തീരാജ് മന്ത്രാലയം രേഖകള്‍ പോലും പറയുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ പന്ത്രണ്ട് ശതമാനത്തിലേറെയും ഉത്തര്‍പ്രദേശിലാണെങ്കില്‍ ലക്ഷദ്വീപ്, ദാദ്രാ ആന്റ് നാഗര്‍ഹാവേലി, ദാമന്‍ ദിയു, സിക്കിം തുടങ്ങിയ പ്രദേശങ്ങളിലതു പൂജ്യം ശതമാനമാണ്. അഥവാ ജനങ്ങള്‍ സമാധാനമായും സ്വസ്ഥമായും കഴിയുന്ന പ്രദേശമാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റായി പ്രഫുല്‍ കെ. പട്ടേല്‍ എത്തിയത്. ലക്ഷദ്വീപില്‍ കാലുകുത്തിയ പട്ടേല്‍ പൗരത്വ ഭേദഗതി നയത്തിനെതിരെ ദ്വീപുകാര്‍ കെട്ടിയ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടശേഷം പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്തുകൊണ്ട് നിര്‍ദ്ദിഷ്ട ദൗത്യം ആരംഭിച്ചു.
സി.എ.എ, എന്‍.ആര്‍.സി നയങ്ങള്‍ക്കെതിരെ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ എത്തുന്ന സമയത്ത് അത്തരം സമരങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അറസ്റ്റ് നടന്നു. തുടര്‍ന്നുള്ള നാലു മാസങ്ങളില്‍ അദ്ദേഹം പുതിയ പരിഷ്‌കാരങ്ങള്‍ ഓരോന്നായി നടപ്പാക്കി. കൂട്ടത്തില്‍ ബീഫ് നിരോധനം, ഗുണ്ടാനിയമം, ഭൂമി പിടിച്ചെടുക്കല്‍, കൂട്ടപിരിച്ചുവിടല്‍, രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, ഡയറി ഫാമുകള്‍ അടയ്ക്കാനുള്ള ഉത്തരവ് തുടങ്ങി പലതും.
ദ്വീപുകളുടെ ചുമതലയേറ്റ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആദ്യം മാറ്റിയത് കലക്ടറെയാണ്. പുതിയ കലക്ടര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കേന്ദ്രഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ചയാളാണ്. ലക്ഷദ്വീപില്‍ തന്റെ വിളയാട്ടത്തിനു ഉചിതനായ കലക്ടര്‍ കൂടി വേണം എന്നത് പ്രഫുല്‍ കെ. പട്ടേല്‍ തീരുമാനിക്കുന്നതില്‍ അതിശയമില്ല. അനീതിക്കു കൂട്ടുനില്‍ക്കുകയാണു അദ്ദേഹത്തിന്റെ ശീലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും സ്വന്തക്കാരനാണ് ആര്‍.എസ്.എസ് കുടുംബാംഗമായ പട്ടേല്‍. ഗുജറാത്തിലെ 2007-12 കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരില്‍ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലപാതകക്കേസില്‍ അമിത്ഷാ ജയിലിലായ രണ്ടുവര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്നു പ്രഫുല്‍ കെ. പട്ടേല്‍. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റ പട്ടേലിനെ മോദി പക്ഷേ കൈവിട്ടില്ല.
2016ല്‍ പട്ടേലിനെ ദാമന്‍ ദിയുവിലെ അഡ്മിനിസ്‌ട്രേറ്ററാക്കി. ഇന്ത്യയില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ രാഷ്ട്രീയക്കാരെന്ന നിലയില്‍ ഒരാള്‍ ആദ്യമായി അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ വന്നു. അതുവരെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍മാരാവാറ്. പിന്നീട് ദാദ്ര നഗര്‍ ഹവേലി അഡ്മിനിസ്‌ട്രേറ്ററായും പട്ടേല്‍ നിയമിതനായി. അവിടെ വെച്ചാണ് നീതിമാനായ കണ്ണന്‍ ഗോപിനാഥന്‍ എന്ന കലക്ടര്‍ പട്ടേലിന്റെ തീരുമാനങ്ങളെ എതിര്‍ത്തത്. തന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞാണ് പട്ടേല്‍ കണ്ണന്‍ ഗോപിനാഥന് 2019 മാര്‍ച്ചില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പ്രളയകാലത്ത് കേരളത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയതിനും കണ്ണന്‍ ഗോപിനാഥനു പട്ടേല്‍ നോട്ടീസ് നല്‍കിയിരുന്നു. കണ്ണന്‍ ഗോപിനാഥന്‍ പിന്നീട് സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ചു. അതുകൊണ്ട് തന്നെ തന്റെ കീഴില്‍ അനുസരണയുള്ള ഒരു കലക്ടര്‍ വേണമെന്ന് പട്ടേലിനറിയാം.
പ്രഫുല്‍ കെ. പട്ടേല്‍ മുമ്പ് അഡ്മിനിസ്‌ട്രേറ്റായ ദാമനിലും ലക്ഷദ്വീപില്‍ ഇപ്പോള്‍ കൊണ്ടുവന്നതുപോലുള്ള ജനദ്രോഹ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വികസനം കാരണമായി പറഞ്ഞുകൊണ്ട് നൂറോളം വീടുകള്‍ അവിടെ പൊളിച്ചുമാറ്റി. പ്രതിഷേധവുമായി ദാമനിലും മത്സ്യത്തൊഴിലാളികള്‍ തെരുവിലിറങ്ങുകയുണ്ടായി. ദാദ്ര നഗര്‍ ഹവേലിയില്‍നിന്ന് ഏഴു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മോഹന്‍ ദേല്‍ഖര്‍ മുംബൈ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടും പട്ടേലിന്റെ പേരില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഥവാ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനകണക്കില്‍ പൂജ്യം ശതമാനമായ ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ നിയമനം ഒട്ടേറെ കാര്യപരിപാടികള്‍ക്ക് വഴിയൊരുക്കാന്‍ തന്നെയാണ്. ജനപ്രതിനിധികളോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാന്‍ തീരുമാനിച്ചതിലുള്‍പ്പടെ കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ഇത്തരത്തിലുള്ള നിയമത്തിന്റെ ഒരാവശ്യവും ഇല്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്റ്റ് കൊണ്ടുവന്നത് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരാവുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനാണെന്നു തന്നെയാണ് ലക്ഷദ്വീപ് എം. പി മുഹമ്മദ് ഫൈസലും പറയുന്നത്.
ദ്വീപിലെ ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്ന പരിഷ്‌കാരങ്ങള്‍ക്കുപിന്നില്‍ മത്സ്യ സമ്പത്ത് കോര്‍പറേറ്റുകള്‍ക്കു നല്‍കുന്നതും പുതിയ മദ്യനയത്തില്‍ ടൂറിസം അജണ്ടകളുമുള്‍പ്പടെയുള്ളതുമായ ലക്ഷ്യങ്ങള്‍ ഉണ്ട്. ദ്വീപുവാസികള്‍ അധിവസിക്കാത്ത ടൂറിസം മാത്രം നടക്കുന്ന ബംഗാരത്തില്‍ നേരത്തെ മദ്യശാലകളുണ്ട്. അതിലാരും പ്രതിഷേധിച്ചിട്ടുമില്ല. ജനവാസമുള്ള ദ്വീപുകളില്‍ മദ്യശാലകള്‍ തുറന്നതാണ് നാട്ടുകാര്‍ എതിര്‍ക്കുന്നത്. ജനവാസമില്ലാത്ത ദ്വീപുകളില്‍നിന്നും ടൂറിസത്തിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ജനം എതിരല്ല. ടൂറിസം പദ്ധതികള്‍ മുന്നില്‍ കണ്ടുകൊണ്ട് ഗുജറാത്തിലെ നാഷനല്‍ ഹൈവേ നിയമം ദ്വീപില്‍ നടപ്പാക്കുന്നതാണ് നാട്ടുകാരില്‍ ഭീതിയുയര്‍ത്തിയത്. വലിയ റോഡുകളുണ്ടാക്കാന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ദ്വീപിന്റെ പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്നാണവരുടെ പേടി. അതിനു പുറമെയാണ് ദ്വീപുകാര്‍ എന്തു കഴിക്കണമെന്ന കാര്യത്തിലും ഭരണകൂടം ഇടപെട്ടത്. വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് കവരത്തി പഞ്ചായത്ത് പാസാക്കിയ പ്രമേയത്തിലുള്ളത്. അഥവാ ജനാധിപത്യപരമായ അവകാശമാണ് ദ്വീപുകാര്‍ ആവശ്യപ്പെടുന്നത്.
ലക്ഷദ്വീപുകാരായ സാധാരണ മനുഷ്യര്‍ തങ്ങളുടെ സങ്കടവും ആശങ്കയും പുറം ലോകത്തോട് പറയുന്ന അനേകം വീഡിയോകള്‍ വന്നു. അതിലെല്ലാം മലയാളത്തിലാണവര്‍ സംസാരിക്കുന്നത്. ഫാസിസത്തിനും സംഘ്പരിവാറിനും എതിരെ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്ന കേരളത്തിലെ ജനങ്ങളോടാണവര്‍ സഹായം ചോദിക്കുന്നത്. ലക്ഷദ്വീപ് വാസികള്‍ക്കുവേണ്ടി കേരളം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. കേരളജനത തങ്ങളുടെ അയലത്തെ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളും എന്നറിയാവുന്നതുകൊണ്ട് തന്നെയാണ് പൃത്ഥ്വിരാജ് സുകുമാരന്റെ അടക്കം പ്രതികരണങ്ങളോട് സംഘ്പരിവാരം വലിയ തോതില്‍ അസഹിഷ്ണുക്കളാകുന്നതും. ലക്ഷദ്വീപിലെ മണ്ണിനും മനുഷ്യര്‍ക്കും വേണ്ടി കരുതലുണ്ടാകണം. കണ്ണില്‍ ചോരയും ഖല്‍ബില്‍ സ്‌നേഹവും ഇല്ലാത്ത സംഘ്പരിവാര്‍ ആ മനുഷ്യരെ കുരുതികൊടുത്തും രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും ഉണ്ടാക്കും. ഭരണകൂട ഭീകരതയും പൗരാവകാശങ്ങള്‍ക്കു മീതെയുള്ള കടന്നുകയറ്റവും ധ്വംസനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷവേട്ടകളും വംശഹത്യകളും മാത്രമല്ല മനുഷ്യരെ പെരുവഴിയിലേക്കിറക്കി നടത്തുന്ന കോര്‍പറേറ്റ് ഫാസിസവും പ്രതിരോധിക്കേണ്ടതുണ്ട്