X

കോവിഡ് 19: പ്രതീക്ഷയും ആശങ്കയും

ഡോ. കെ പ്രശാന്ത്

ലോകത്ത് ആശങ്ക വിതച്ച് താണ്ഡവമാടുന്ന കോവിഡ് 19 സംബന്ധിച്ച് ചില പ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുമ്പോള്‍തന്നെ ചില അസ്വസ്ഥ ചിന്തകളും കടന്നുവരുന്നു. ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെയും പൊതുജനങ്ങള്‍ക്ക് ഏപ്രിലോടെയും ലഭ്യമാകുമെന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപക്ക് നല്‍കാനാകുമെന്നും സിറം ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവല്ല വ്യക്തമാക്കുന്നു. 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ മുഴുവന്‍ പേര്‍ക്കും കുത്തിവെപ്പെടുക്കാന്‍ രണ്ടോ മൂന്നോ വര്‍ഷമെടുക്കും. വിതരണ പരിമിതികള്‍ മാത്രമല്ല കാരണം. ബജറ്റ്, വാക്‌സിന്‍ ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ താല്‍പര്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുക. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ 2024 ഓടെ എല്ലാവര്‍ക്കും എത്തിയിരിക്കും. ഒരു ഡോസിന് 56 ഡോളറാണ് വിലവരുന്നത്. ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് 1000 രൂപ വരെയാകും. അതേ സമയം ഇന്ത്യാ സര്‍ക്കാരിന് വാക്‌സിന്‍ 34 ഡോളര്‍ നിരക്കില്‍ ലഭിക്കുമെന്നും പൂനവല്ല കൂട്ടിച്ചേര്‍ത്തു.

ഓക്‌സ്ഫഡ്അസ്ട്രസെനക വാക്‌സിന്‍ പ്രായമായവരില്‍പോലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നതെന്ന് ഫലപ്രാപ്തി സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. എത്ര കാലത്തേക്ക് വാക്‌സിന്‍ പ്രതിരോധ സംരക്ഷണം നല്‍കുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണത്തില്‍ വലിയ പരാതികളോ പ്രതികൂല സംഭവങ്ങളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും കാത്തിരുന്ന് കണ്ടേണ്ടതുണ്ട്. ഇന്ത്യയില്‍ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയും രോഗപ്രതിരോധ ഫലങ്ങളും ഒരു മാസത്തിനുള്ളില്‍ പുറത്തുവരുമെന്നും പൂനവല്ല പറഞ്ഞു.

കോവിഡ് 19 ബാധിച്ച ചിലരില്‍ അപൂര്‍വമായ ചില സാഹചര്യങ്ങളില്‍ ഗില്ലന്‍ ബാരെ സിന്‍ഡ്രോം (ജിബിഎസ് -ഏൗശഹഹമശി ആമൃൃല ട്യിറൃീാല ഏആട) ബാധിച്ചതായി കണ്ടെത്തിയതാണ് ആശങ്ക പരത്തുന്നത്. ഇന്ത്യയില്‍ ആഗസ്ത് മുതല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ ഒരു കൂട്ടം ന്യൂറോളജിസ്റ്റുകള്‍ ഇപ്പോള്‍ ഈ കേസുകളും അവയുടെ ലക്ഷണങ്ങളും മാപ്പ് ചെയ്യുകയാണ്. ഇതുവരെ 24 കേസുകള്‍ ഈ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് സ്വയം രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂര്‍വമായ രോഗമാണ്. കൊറോണ വൈറസിനെ കൊല്ലാനുള്ള ശ്രമത്തില്‍, രോഗപ്രതിരോധശേഷി ആകസ്മികമായി പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കാന്‍ തുടങ്ങുന്നു. തലച്ചോറില്‍നിന്നും സുഷുമ്‌നാ നാഡിയില്‍നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നയിക്കുന്ന ഞരമ്പുകളുടെ ഒരു ശൃംഖലയാണ് പെരിഫറല്‍ നാഡീവ്യൂഹം. അവയെ ആക്രമിക്കുന്നത് അവയവ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
സിന്‍ഡ്രോമിന്റെ ആദ്യ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ ഇക്കിളി അല്ലെങ്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു എന്നതാണ്. തുടര്‍ന്ന് പേശികളുടെ ബലഹീനത, വേദന എന്നിവ വരും. രോഗലക്ഷണങ്ങള്‍ ആദ്യം കാലുകളിലും കൈകളിലും പ്രത്യക്ഷപ്പെടാം. ഒരു വ്യക്തിക്ക് റി#െ-ക്‌സ് നഷ്ടവും പക്ഷാഘാതവും അനുഭവപ്പെടാന്‍ തുടങ്ങാം. അത് താല്‍ക്കാലികമാകാം, പക്ഷേ 6-12 മാസമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കും. കോവിഡ് 19 ഒരു വര്‍ഷം മാത്രം പഴക്കമുള്ള രോഗമായതിനാല്‍, അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായ ജി.ബി.എസിന്റെ സ്വഭാവം വിലയിരുത്തുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധ മൂലമാണ് ജി.ബി.എസ് ഉണ്ടാകുന്നത്. മുന്‍കാലങ്ങളില്‍, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം രോഗികള്‍ ജി.ബി.എസ് ലക്ഷണങ്ങള്‍ കാണിച്ചിരുന്നു, സിക്ക, എച്ച്.ഐ.വി, ഹെര്‍പ്പസ് വൈറസ്, ക്യാമ്പിലോബാക്റ്റര്‍ ജെജൂനി എന്നിവ ബാധിച്ചവരിലും ഇത് കണ്ടിരുന്നു.

കോവിഡ് 19 ദഹന, ഹൃദയ, വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കരുതുന്ന ചില രോഗികള്‍ക്ക് (എല്ലാവരിലും അല്ല) വൈറസ് പിടിപെട്ടാല്‍ നാഡീവ്യൂഹ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗമായ തലച്ചോറിന്റെ ചില ഭാഗങ്ങളെ വൈറസ് ആക്രമിച്ചാല്‍ ഓര്‍മ മങ്ങല്‍, ഉത്കണ്ഠ, തലവേദന, വിഷാദം എന്നിവക്ക് കാരണമാകും. ഈ സന്ദര്‍ഭങ്ങളിലെല്ലാം, വൈറസ് അവയവങ്ങളെയോ കോശങ്ങളെയോ ആക്രമിക്കുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, ഇതൊരു പരോക്ഷ ഫലമുണ്ടാക്കാം. ശരീരത്തിന്റെ പെരിഫറല്‍ നാഡീവ്യൂഹം ആക്രമണത്തിന് വിധേയമാകുന്ന തരത്തില്‍ ശക്തമായ ഒരു രോഗപ്രതിരോധ പ്രതികരണത്തിന് ഇത് കാരണമാകും. ‘ഇത് കുഴയ്ക്കുന്ന കാര്യമാണ്. നമുക്കെല്ലാവര്‍ക്കും നല്ല രോഗപ്രതിരോധ ശേഷി വേണം. എന്നാല്‍ രോഗപ്രതിരോധ ശേഷി അമിതമായി സജീവമാണെങ്കില്‍ അത് ശരീരത്തിന് ഹാനികരമാണ്. വൈറസിനെ ആക്രമിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഞരമ്പുകളെയും ഇത് ആക്രമിക്കും’- മുംബൈയിലെ പരേലിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലെ മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് ക്ലിനിക്കിന്റെ തലവനായ ഡോ. പങ്കജ് അഗര്‍വാള്‍ പറഞ്ഞു.

ജൂണില്‍,’ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍’ ഇറ്റലിയിലെ മൂന്ന് ആശുപത്രികളിലെ അഞ്ച് രോഗികളുടെ കേസ് വിശദാംശങ്ങള്‍ നല്‍കി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. സാര്‍സ്‌കോവ് 2 വൈറസ് ബാധയെത്തുടര്‍ന്ന് ഈ സിന്‍ഡ്രോം ബാധിച്ചവരാണ് അഞ്ച് രോഗികളും. പ്രാഥമിക ലക്ഷണങ്ങള്‍ കാലിലെ ബലഹീനതയും ചര്‍മ്മത്തില്‍ കുത്തുന്നത് പോലുള്ള അവസ്ഥയുമായിരുന്നു. ജി.ബി.എസ് ലക്ഷണങ്ങളും കോവിഡ് 19 അണുബാധയും തമ്മില്‍ 5-10 ദിവസത്തെ ഇടവേള ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍ ചില ഡോക്ടര്‍മാര്‍ പറയുന്നത് കോവിഡ് 19 അണുബാധക്കുശേഷം ഒരാളില്‍ ജി.ബി.എസ് വികസിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ്. ജപ്പാനില്‍നിന്നുള്ള സമാനമായ ഒരു കേസ് സ്റ്റഡി ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചു. അവിടെ അന്‍പത്തിനാലുകാരിക്കു മരവിപ്പും ബലഹീനതയും വന്നു. തുടര്‍ന്ന്, രണ്ടാഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്നു. അവരുടെ നെഞ്ചില്‍ ന്യുമോണിയ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു, അവരുടെ കോവിഡ് 19 റിപ്പോര്‍ട്ട് പോസിറ്റീവ് ആയിരുന്നു.

വിവിധ പഠനങ്ങളില്‍ ചില അഭിപ്രായ സമന്വയമുണ്ട്: കോവിഡ് 19 അണുബാധക്ക് ഏതാനും ദിവസങ്ങള്‍ക്ക്‌ശേഷം ജി.ബി.എസ് ലക്ഷണങ്ങള്‍ പുറത്തുവരുന്നു. സുഖം പ്രാപിച്ച, അല്ലെങ്കില്‍ സുഖം പ്രാപിക്കാന്‍ പോകുന്ന നിരവധി രോഗികള്‍ അതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മിക്കവരും സുഖം പ്രാപിച്ചു.
ഇതുസംബന്ധിച്ച് മുംബൈയില്‍ ഒരു മള്‍ട്ടിഡോക്ടര്‍ പഠനവും രേഖപ്പെടുത്തലും നടക്കുന്നുണ്ട്. മുംബൈയിലെ നിരവധി ന്യൂറോളജിസ്റ്റുകള്‍ ഇതിന്റെ ഭാഗമാണ്. സ്ഥിരമായ ന്യൂറോളജിക്കല്‍ നാശനഷ്ടങ്ങള്‍ ജി.ബി.എസിലുണ്ടായേക്കില്ല. മിക്കതും പൂര്‍ണമായും സുഖം പ്രാപിക്കുമെങ്കിലും ചിലര്‍ക്ക് അവയവങ്ങളില്‍ പക്ഷാഘാതവും ശരീരത്തിലെ ബലഹീനതയും ദീര്‍ഘകാലം ഉണ്ടാകാം-അഗര്‍വാള്‍ പറയുന്നു. മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും സിന്‍ഡ്രോം കണ്ടതായി അദ്ദേഹം പറയുന്നു. മിക്കവരും കോവിഡ് 19 ല്‍ നിന്ന് സുഖം പ്രാപിച്ചു, വീട്ടില്‍ പോയി ആഴ്ചകള്‍ക്ക് ശേഷം ജി.ബി.എസുമായി തിരികെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ട്രാവെനസ് ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി), ചിലപ്പോള്‍ പ്ലാസ്മ തെറാപ്പി എന്നിവ ജി.ബി.എസ് രോഗികളില്‍ സുഖം പ്രാപിക്കാന്‍ സഹായിക്കുന്നു. ചില രോഗികള്‍ക്ക് കടുത്ത സങ്കീര്‍ണതകള്‍ ഉണ്ടാകാം, കൂടാതെ തീവ്രപരിചരണ ചികിത്സയോ വെന്റിലേറ്റര്‍ പിന്തുണയോ ആവശ്യമാണ്. രോഗികള്‍ക്ക് ഏതാനും ആഴ്ചകള്‍ ആശുപത്രിയില്‍ പ്രവേശനം ആവശ്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു രോഗിക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ നില വഷളാകുമെന്ന് മുംബൈ സെന്‍ട്രലിലെ വോക്ഹാര്‍ട്ട് ആശുപത്രിയിലെ ഗുരുതര പരിചരണ വിഭാഗം മേധാവി ഡോ. കേദാര്‍ തോറസ്‌കര്‍ പറഞ്ഞു. ‘ഏറ്റവും മോശമായ അവസ്ഥയുടെ ഫലമായി ശ്വാസകോശ സംബന്ധമായ തകരാറുകള്‍ ഉണ്ടാകാം, അല്ലെങ്കില്‍ നടത്തത്തിലും കൈകാലുകളുടെ ചലനത്തിലും ബലഹീനതയുണ്ടാകാം. രോഗികളെ വീട്ടില്‍ ചികിത്സിക്കാന്‍ കഴിയില്ല, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ, ഇമ്യൂണോഗ്ലോബുലിന്‍ അല്ലെങ്കില്‍ പ്ലാസ്മ എന്നീ ചികിത്സകള്‍ ലഭ്യമാക്കുകയോ ആവശ്യമാണ്’ – തോറസ്‌കര്‍ പറഞ്ഞു.

Test User: