ദോഹ: രാജ്യത്ത് തണുപ്പിന് ശക്തിയാര്‍ജിക്കുന്നു. വരുംദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ തണുപ്പിന് കാഠിന്യമേറുമെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്കു പടിഞ്ഞാറന്‍ മേഖലകളില്‍ ഇനിയുള്ള ദിവസങ്ങളില്‍ താപനില പത്തു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യല്‍സ് വരെയായി താഴാന്‍ സാധ്യതയുണ്ട്. അബുസംറയിലെ താപനില എട്ടു ഡിഗ്രിയിലേക്ക് താഴും. മിക്ക ജിസിസി മേഖലകളിലും രാത്രികാലങ്ങളിലെ മിനിമം താപനില ശരാശരിയേക്കാള്‍ താഴെയായിരിക്കും. ചിലയിടങ്ങളിലെങ്കിലും മൈനസ് അഞ്ചു ഡിഗ്രിയിലേക്കു പോകാനും സാധ്യതയുണ്ട്. ഖത്തറിന്റെ തെക്കന്‍ മേഖലകളില്‍ താപനില ശരാശരിയിലും താഴേക്കുപോകും.
ഈ വാരത്തിലെ ശരാശരി താപനില എട്ടിനും പതിനെട്ട് ഡിഗ്രിസെല്‍ഷ്യല്‍സിനുമിടയിലായിരിക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയിലും കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. വാഹനായാത്രികര്‍ പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചാപരിധിയില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.
ഖത്തര്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ(ക്യുഎംഡി) വെബ്‌സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ കാലാവസ്ഥ സംബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി മധ്യംവരെ മഴ പെയ്യുന്നതിനുള്ള സാധ്യതയില്ലെന്നും ക്യുഎംഡി അറിയിച്ചു.