ഖലീഫ സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന അങ്കത്തില്‍ പലരും സാധ്യത കല്‍പ്പിക്കുന്നത് ഓറഞ്ച് സൈന്യത്തിനാണ്. പക്ഷേ അവകാശ വാദങ്ങള്‍ക്കൊന്നും നില്‍ക്കാതെ വരികയാണ് അമേരിക്ക. ഇംഗ്ലണ്ടും ഇറാനും വെയില്‍സും കളിച്ച ഗ്രൂപ്പ് ബി യില്‍ നിന്ന് അമേരിക്കക്കാര്‍ നോക്കൗട്ട് യോഗ്യത നേടിയത് തന്നെ വലിയ കാര്യമായിരുന്നു.
ഇംഗ്ലണ്ടും ഇറാനും കടന്നു കയറുമെന്നായിരുന്നു ആദ്യ പ്രവചനങ്ങള്‍. ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ ഇറാന്‍ വലയില്‍ ആറ് വട്ടം പന്ത് എത്തിച്ചപ്പോള്‍ പ്രവചനക്കാര്‍ മുങ്ങി. പക്ഷേ വെയില്‍സിനെ രണ്ട് ഗോളിന് വിറപ്പിച്ച് ഇറാന്‍ തിരികെയെത്തി. അമേരിക്കയാവട്ടെ ആദ്യ മല്‍സരം മുതല്‍ ഗംഭീര പോരാട്ടവീര്യം പ്രകടിപ്പിച്ചു. തിമോത്തി വിയയും ക്രിസ്റ്റ്യന്‍ പുലിസിച്ചുമെല്ലാം യൂറോപ്യന്‍ പാഠങ്ങളില്‍ നിന്നും ഗംഭീരമായ വേഗ ഫുട്‌ബോളിന്റെ വക്താക്കളായി. ഇംഗ്ലണ്ടിനെയും വിറപ്പിച്ച അമേരിക്ക അവസാന മല്‍സരത്തില്‍ ഇറാനെ പുലിസിച്ച് ഗോളില്‍ പിറകിലാക്കിയാണ് നോക്കൗട്ടിലെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഫോമിലേക്ക് ഇത് വരെ വന്നിട്ടില്ലാത്ത മെംഫിസ് ഡിപേക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. അമേരിക്ക വിജയിച്ചാലും അല്‍ഭുതപ്പെടാനില്ല. ഗ്രൂപ്പ് എയില്‍ നിന്ന് ഖത്തറിനെയും സെനഗലിനെയും പരാജയപ്പെടുത്തിയാണ് ഡച്ചുകാര്‍ മുന്നേറിയത്. ഇക്വഡോറിനോട് സമനിലയും വഴങ്ങി.
പക്ഷേ പ്രതീക്ഷിച്ച വേഗതയും ആക്രമണങ്ങളും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അവസാനം ഖത്തറിനെതിരെ കളിച്ചപ്പോഴും അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ എത്രയോ അവസരങ്ങള്‍ പാഴാക്കി. പലപ്പോഴും ഖത്തര്‍ മുന്‍നിരക്കാര്‍ ഡച്ച് പെനാല്‍ട്ടി ബോക്‌സില്‍ പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു. അമേരിക്ക വേഗതയില്‍ കളിക്കുന്ന സംഘമാണ്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ അത് പ്രകടമായിരുന്നു. മികച്ച ഡിഫന്‍സാണ് ഇംഗ്ലണ്ടിന്റേത്. പക്ഷേ തിമോത്തി വിയയെ പോലുള്ളവര്‍ വേഗതയില്‍ ഏത് പ്രതിരോധത്തിനും വെല്ലുവിളിയാണ്. വിര്‍ജില്‍ വാന്‍ ഡികാണ് പ്രതിരോധം കാക്കുന്നത്. ലിവര്‍പൂളിന്റെ താരം അനുഭവ സമ്പന്നനുമാണ്. അദ്ദേഹം ഇന്ന് എങ്ങനെ അമേരിക്കക്കാരെ നേരിടുമെന്നതിലാണ് കാര്യങ്ങള്‍.