സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിച്ചു. മഴ ശക്തമായതോടെ, ബലി പെരുന്നാള്‍ ദിനമായ ഇന്ന് കൊച്ചിയിലടക്കം പലയിടങ്ങളിലും ഈദ് ഗാഹുകൾ മാറ്റി വച്ചു.
കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം. കണ്ണൂരിൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമ്മടമടക്കമുള്ള ബീച്ചുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടർന്നാണ് വിലക്ക്. തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുകയാണ്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യപ്രദേശിന് മുകളിലായാണ് നിലവിൽ കാണപ്പെടുന്നത്. തീരദേശ മേഖലകളിലാണ് കൂടുതൽ മഴക്ക് സാധ്യത. തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മറ്റ് ജില്ലകളിൽ മിതമായ മഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.