സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ടുള്ളത്.
നാളെ എറണാകുളം ജില്ലയിലും മഞ്ഞ അലേര്‍ട്ടുണ്ട്. ശ്രീലങ്കക്ക് സമീപമുള്ള ചക്രവാതചുഴിയുടെ സ്വാധീനത്തില്‍ തെക്കന്‍ ജില്ലകളിലാണ് മഴ കനക്കുക. തീര മേഖലകളിലുള്ളവരും മലയോര മേഖലകളിലുള്ള വരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
തിരുവനന്തപുരം പൗണ്ട്കടവ് പുളിമുട്ടത്ത് തെറ്റിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 4 വീടുകളിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു