സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ വടക്കൻ കേരള തീരത്തും, കർണാടക ലക്ഷദ്വീപ് തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ, കാസർഗോഡ്, മാഹി തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.