ലണ്ടന്‍:യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നും കിടിലന്‍ പോരാട്ടങ്ങള്‍. എട്ട് മല്‍സരങ്ങളാണ് വിവിധ വേദികളിലായി ഇന്ന് നടക്കുന്നത്. ഇതില്‍ കാല്‍പ്പന്ത് ലോകം ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നത് പാരിസില്‍ നടക്കുന്ന പി.എസ്.ജി-ലിവര്‍പൂള്‍ പോരാട്ടത്തിനായാണ്. ഗ്രൂപ്പ് സിയില്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ണായകമായ പോരാട്ടമാണിത്. ഒരു ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ മാത്രമാണ് അടുത്ത റൗണ്ടിലെത്തുക എന്ന സത്യം നിലനില്‍ക്കെ ഗ്രൂപ്പ് സിയില്‍ ഇപ്പോള്‍ ഇവര്‍ രണ്ട് പേര്‍ക്കും മുന്നില്‍ ഇറ്റാലിയന്‍ ക്ലബായ നാപ്പോളിയുണ്ട്. നാല് മല്‍സരങ്ങളാണ് എല്ലാ ടീമുകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാപ്പോളി, ലിവര്‍പൂള്‍ എന്നിവര്‍ക്ക് ആറ് പോയിന്റ് വീതമുണ്ട്. പക്ഷേ ഗോള്‍ ആനുകൂല്യത്തില്‍ നാപ്പോളിയാണ് ഒന്നാമത്. പി.എസ്.ജി അഞ്ച് പോയിന്‍ുമായി മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എ യില്‍ കാര്യമായ വെല്ലുവിളികളില്ല. ഇന്ന് ഗ്രൂപ്പില്‍ നടക്കുന്നത് അത്‌ലറ്റികോ മാഡ്രിഡ്-മൊണോക്കോ മല്‍സരവും ബൊറൂഷ്യ ഡോര്‍ട്ടുമണ്ട്-ക്ലബ് ബോര്‍ഷെ അങ്കവുമാണ്. ഗ്രൂപ്പില്‍ നാല് കളികളില്‍ നിന്നായി 9 പോയിന്റുമായി ജര്‍മന്‍ ക്ലബായ ഡോര്‍ട്ടുമണ്ടാണ് ഒന്നാമത്. അത്‌ലറ്റികോ മാഡ്രിഡിനും ഒമ്പത് പോയിന്റുണ്ട്. ഇന്ന് മൊണോക്കോയുമാണ് അന്റോണിയോ ഗ്രിസ്മാനും സംഘവും കളിക്കുന്നത്. കളിച്ച നാല് മല്‍സരങ്ങളില്‍ മൂന്നിലും തല താഴ്ത്തിയവരാണ് തിയറി ഹെന്‍ട്രിയുടെ മൊണോക്കോ. അവര്‍ക്ക് ഇനി സാധ്യതകളൊന്നുമില്ല. ഡോര്‍ട്ടുമണ്ടിനാവട്ടെ ക്ലബ് ബോര്‍ഷെയാണ് എതിരാളികള്‍.
ഗ്രൂപ്പ് ബി യില്‍ ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിനാണ് വെല്ലുവിളി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ചെല്‍സിയെ മറിച്ചിട്ടവരാണ് ഹാരി കെയിനും സംഘവും. പക്ഷേ നാല് കളികളില്‍ നിന്ന് നാല് പോയിന്റാണ് അവരുടെ സമ്പാദ്യം. ഗ്രൂപ്പില്‍ ബാര്‍സിലോണക്കും ഇന്റര്‍ മിലാനും പിറകില്‍ മൂന്നാം സ്ഥാനം. ശക്തരായ ഇന്ററുമായാണ് ഇന്നത്തെ അങ്കം,. ജയിച്ചാല്‍ മാത്രമാണ് പ്രതീക്ഷ. തോല്‍വി പിണഞ്ഞാല്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവും. ലയണല്‍ മെസിക്കും സംഘത്തിനും ആശങ്കക്ക് വകയില്ല. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ അവരുടെ അടുത്ത ഘട്ടം ഉറപ്പായിട്ടുണ്ട്. ഡച്ച് ക്ലബായ പി.എസ്.വിയുമായാണ് മല്‍സരം. നാല് കളികളില്‍ നിന്ന് കേവലം ഒരു പോയിന്റാണ് ഡച്ചുകാരുടെ സമ്പാദ്യം.
സിയിലാണ് പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലിവര്‍പൂളിനും പി.എസ്.ജിക്കും മരണപ്പോരാട്ടമാണ്. പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അജയ്യന്മാരായി കുതിക്കുകയാണ് ലിവര്‍പൂള്‍. മുഹമ്മദ് സലാഹും സംഘവുമാവട്ടെ നിലവിലെ ചാമ്പ്യന്‍സ് ലീഗ് രണ്ടാം സ്ഥാനക്കാരുമാണ്. പി.എസ്.ജിയുടെ സീസണ്‍ ലക്ഷ്യം ഫ്രഞ്ച് ലീഗ് മാത്രമല്ല ചാമ്പ്യന്‍സ് ലീഗും കൂടിയാണ്. നെയ്മറും കവാനിയും എംബാപ്പേയും ജിയാന്‍ ലുക്കാ ബഫണുമെല്ലാം കളിക്കുന്ന സംഘത്തിന് സ്വന്തം മൈതാനത്ത് കളിക്കുന്നു എന്ന ആനുകൂല്യമുണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന നാപ്പോളിക്ക് റെഡ് സ്റ്റാര്‍ വലിയ വെല്ലുവിളിയാവുമെന്ന് കരുതുന്നില്ല. പക്ഷേ കഴിഞ്ഞ മല്‍സരത്തില്‍ ലിവറിനെ തരിപ്പണമാക്കിയിരുന്നു യുഗോസ്ലാവ്യക്കാര്‍.
ഡിയിലെ പോരാട്ടങ്ങളില്‍ ആവേശം കുറയും. പോര്‍ച്ചുഗല്‍ ക്ലബായ എഫ്.സി പോര്‍ട്ടോ പത്ത് പോയന്റുമായി അടുത്ത ഘട്ടം ഉറപ്പാക്കിയിരിക്കുന്നു. ജര്‍മന്‍ ക്ലബായ ഷാല്‍ക്കെ 04 എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിലെ ദുര്‍ബലരായ തുര്‍ക്കി ക്ലബ് ഗലറ്റസറക്കും റഷ്യന്‍ ക്ലബായ ലോകോമോട്ടീവ് മോസ്‌ക്കോക്കും ഇത് വരെ കാര്യമായ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.