X

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീം റെഡി; സമിക്ക് അവസരം

മുംബൈ: കത്തിപ്പടര്‍ന്ന വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വിരാത് കോലി നയിക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ കാര്യമായ മാറ്റങ്ങളില്ല. ഇടക്കാലത്ത് പരുക്ക് കാരണം ഏകദിന സംഘത്തില്‍ നിന്നും പുറത്തായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സമി, ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ തിരിച്ചെത്തി. സമീപകാലത്തായി ഇന്ത്യന്‍ സംഘത്തില്‍ ഓപ്പണറുടെ ഗോള്‍ ഭംഗിയാക്കിയിട്ടുള്ള ലോകേഷ് രാഹുല്‍ പരുക്കേറ്റ് പുറത്ത് നില്‍ക്കുന്നതിനാല്‍ ആ സ്ഥാനത്തേക്ക് അനുഭവസമ്പന്നായ ശിഖര്‍ ധവാനെ ഉള്‍പ്പെടുത്തി. സമി ഫിറ്റ്‌നസ് തെളിയിച്ച് തിരിച്ചെത്തിയ സാഹചര്യത്തില്‍ മൂന്ന് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ വേണമോ എന്ന ചര്‍ച്ചയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ കാര്യമായി നടന്നത്. സീമിംഗ് ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഹാര്‍ദിക് പാണ്ഡെയെ ടീമിലെടുത്താണ് രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ മതിയെന്ന തീരുമാനത്തില്‍ സെലക്ഷന്‍ കമ്മിറ്റിയെത്തിയത്. രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇവരെ കൂടാതെ യുവരാജ് സിംഗ്, കേദാര്‍ യാദവ് എന്നിവരെ പാര്‍ട്ട് ടൈം സ്പിന്നര്‍മാരായി ഉപയോഗിക്കും. സ്‌പോര്‍ട്‌സ് ഹെര്‍ണിയ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അശ്വിന്‍ ഇത് വരെ ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സേവനം ടീമിന് ലഭിക്കുമെന്നാണ് വിശ്വാസമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. അശ്വിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ സാരമുളളതല്ലെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അശ്വിന്റെ പ്രകടനം മോശമായിരുന്നു ( മൂന്ന് ഏകദിനങ്ങളിലെ 27 ഓവറുകളിലായി 188 റണ്‍സ് അദ്ദേഹം വഴങ്ങിയിരുന്നു) എന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അശ്വിന്‍ മോശം ഫോമിലല്ലെന്നും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയത്.

സമി തിരിച്ചെത്തിയതോടെ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട പേസ് കരുത്ത് ടീമിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍. മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടക്കുന്നതിനാല്‍ സീമിനെ തുണക്കുന്ന പിച്ചുകളെ ഇന്ത്യന്‍ സീമര്‍മാര്‍ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും സെലക്ടര്‍മാര്‍ കരുതുന്നു. 2015 ലെ ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ ശേഷം സമി നിരന്തരം പരുക്കിന്റെ പിടിയിലായിരുന്നു. ഇപ്പോള്‍ ആരോഗ്യം തെളിയിച്ച് അദ്ദേഹം തിരിച്ചത്തിയതോടെ ടീമിനും അത് ഉണര്‍വ് നല്‍കും. സീനിയര്‍ താരം മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍. എജ്ബാസ്റ്റണില്‍ പാക്കിസ്താനെതിരായ മല്‍സരത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ അരങ്ങേറുന്നത്. ജൂണ്‍ നാലിനാണ് ഈ മല്‍സരം. ജൂണ്‍ എട്ടിന് ഇന്ത്യ ശ്രീലങ്കയെയും 11ന് ദക്ഷിണാഫ്രിക്കയെയും നേരിടും.

chandrika: