X

പ്രീമിയര്‍ ലീഗില്‍ ഇന്ന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിറങ്ങുന്നു

ലണ്ടന്‍:ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നത്തെ ഞായറില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിറങ്ങുന്നു. എവേ മല്‍സരത്തില്‍ മൂന്ന് പോയിന്റ് സ്വന്തമാക്കാനായാല്‍ ആഴ്സനലിനെ മറികടന്ന്് പെപ് ഗുര്‍ഡിയോളക്കും സംഘത്തിനും ആദ്യ സ്ഥാനത്ത് തിരികെയെത്താം. 33 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആഴ്സനല്‍ തന്നെയാണ് 75 പോയന്റില്‍ ഇപ്പോഴും ഒന്നാമത്. സിറ്റി 31 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഇന്ന് 32-ാമത്തെ മല്‍സരം. ഇതില്‍ ജയിക്കാനായാല്‍ നിലവിലെ 73 മാറി 76 ലെത്താനും ഒന്നാം സ്ഥാനം പിടിക്കാനും ടീമിനാവും.

അവസാന മല്‍സരങ്ങളില്‍ സമനിലകളില്‍ കുരുങ്ങിപ്പോയ ആഴ്സനലിന് ഇന്ന് കളിയില്ല. പത്താം സ്ഥാനക്കാരാണ് ഫുള്‍ഹാം. 32 മല്‍സരങ്ങളില്‍ നിന്നായി 45 പോയിന്റ് അവര്‍ക്കുണ്ട്. ബ്രസീല്‍ താരം വില്ലിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ കളിക്കുന്ന സംഘമാണ്. കാര്യങ്ങള്‍ സിറ്രിക്ക് അത്ര എളുപ്പമായിരിക്കില്ല. വില്ലിയാന്‍ അവസാന മല്‍സരത്തില്‍ പരുക്ക് കാരണം കളിച്ചിരുന്നില്ല. പേശീവലിവായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ ഇന്നത്തെ കാര്യത്തില്‍ ഉറപ്പില്ല. ഇരുവരും അവസാനമായി മുഖാമുഖം വന്ന 13 മല്‍സരങ്ങളിലും സിറ്റി തന്നെയാണ് വിജയിച്ചത്. പക്ഷേ കെവിന്‍ ഡി ബ്രുയന്‍ നയിക്കുന്ന ടീം അപാര മികവിലാണിപ്പോള്‍ കളിക്കുന്നത്. അവസാന മല്‍സരത്തില്‍ ആഴ്സനലിനെ 4-1 ന് അവര്‍ തകര്‍ത്തിരുന്നു. മധ്യനിരയില്‍ കെവിനും മുന്‍നിരയില്‍ ഏര്‍ലിന്‍ ഹലാന്‍ഡും അപകടകാരികളായി കളിക്കുമ്പോള്‍ അവരെ പിടിച്ചുകെട്ടുക എന്നത് ഫുള്‍ഹാം പ്രതിരോധത്തിന് പിടിപ്പത് ജോലിയാണ്. ഏഴ് മല്‍സരങ്ങളാണ് സിറ്റിക്കിനി സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ളത്. എല്ലാ മല്‍സരങ്ങളിലും വിജയിക്കുക എന്നത് മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് പെപ് ഇന്നലെയും ആവര്‍ത്തിച്ചു. ട്രിപ്പിള്‍ കിരീടമെന്ന ലക്ഷ്യവും അദ്ദേഹം ആവര്‍ത്തിക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡുമായുള്ള സെമി മല്‍സരങ്ങള്‍ മെയ് ആദ്യത്തിലാണ് ആരംഭിക്കുന്നത്. എഫ്.എ കപ്പില്‍ അടുത്ത മാസം നഗര വൈരികളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി ഫൈനലുമുണ്ട്.

webdesk11: