യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്റസ് വഴങ്ങിയ പെനാല്‍ട്ടിയിലെ വിവാദം മുറുകുന്നു. മത്സരത്തിന്റെ അന്തിമ നിമിഷത്തില്‍ യുവെ ഡിഫന്റര്‍ മെഹ്ദി ബെനത്തിയ റയല്‍ താരം ലൂകാസ് വാസ്‌ക്വെസിനെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിനാണ് ഇംഗ്ലീഷുകാരനായ റഫറി മൈക്കല്‍ ഒലിവര്‍ പെനാല്‍ട്ടി വിളിച്ചത്. യുവന്റസ് താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍കീപ്പര്‍ ഷെസ്‌നിയെ മറികടന്ന് ലക്ഷ്യം കാണുകയും റയലിനെ സെമിഫൈനലില്‍ എത്തിക്കുകയും ചെയ്തു.
റയലിന് പെനാല്‍ട്ടി അനുവദിച്ച റഫറിയുടെ തീരുമാനം പരിഹാസ്യമാണെന്നും ഇത് മുന്നേ പ്രതീക്ഷിച്ചതാണെന്നുമാണ് യുവെ ഡിഫന്റര്‍ ജോര്‍ജിയോ കെല്ലിനി പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയും റഫറിയുടെ ‘കളി’ നടന്നിരുന്നതായും റയലിന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതില്‍ അത്ഭുതമില്ലെന്നും കെല്ലിനി പറഞ്ഞു.
‘ഇത് അത്ര അത്ഭുതമൊന്നുമല്ല. കഴിഞ്ഞ വര്‍ഷം ബയേണ്‍ മ്യൂണിക്കിനായിരുന്നു ഈ വിധി. ഇത്തവണ യുവെക്കും.’ – കെല്ലി തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബയേണ്‍ താരം അര്‍തുറോ വിദാലിനെ ഗുരുതരമല്ലാത്ത ഫൗളിന് റഫറി ചുവപ്പു കാര്‍ഡ് കാണിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഓഫ്‌സൈഡ് ആയിരുന്നിട്ടും അനുവദിക്കുകയും ചെയ്തിരുന്നു.
‘ഇറ്റാലിയന്‍ റഫറി പ്രതിനിധി പറഞ്ഞത് ചാമ്പ്യന്‍സ് ലീഗില്‍ എല്ലാം നന്നായി നടക്കുന്നുണ്ട് എന്നാണ്. ചിരിക്കാന്‍ വകനല്‍കുന്നതാണത്. ഭാവിയില്‍ ഇതൊരു വിഷയമാവും. നായക കഥാപാത്രത്തെ പോലെയല്ല റഫറി പെരുമാറേണ്ടത്. വ്യക്തതയുള്ള തീരുമാനങ്ങള്‍ മാത്രം കൈക്കൊള്ളുക എന്നതാണ് റഫറിയുടെ ജോലി.’ കെല്ലിനി പറഞ്ഞു. പരാജയപ്പെട്ടെങ്കിലും അഭിമാനത്തോടെയാണ് ഇത്തവണ മടങ്ങുന്നതെന്നും ഇറ്റാലിയന്‍ ഡിഫന്റര്‍ പറഞ്ഞു.
റഫറിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഗോള്‍കീപ്പര്‍ ഗ്യാന്‍ലുയ്ജി ബുഫണും ഉന്നയിച്ചത്. ‘അത് പത്തിലൊരു ഭാഗം പെനാല്‍ട്ടി മാത്രമായിരുന്നു. ബെനത്തിയ ഇടപെട്ട സംഭവം അവിചാരിത സംഭവമാണെന്ന് റഫറി കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട്. ആദ്യ പാദത്തില്‍ ഞങ്ങള്‍ക്ക് വ്യക്തമായ ഒരു പെനാല്‍ട്ടി നിഷേധിക്കുകയും നിര്‍ണായക മത്സരത്തിന്റെ 93-ാം മിനുട്ടില്‍ ഞങ്ങള്‍ക്കെതിരെ പെനാല്‍ട്ടി വിളിക്കുകയും ചെയ്തത് സംശയാസ്പദമാണ്.’ ബഫണ്‍ പറഞ്ഞു.
‘മൈക്കല്‍ ഒലിവറിന്റെ നെഞ്ചിനകത്ത് ഹൃദയമല്ല ചവറ്റുകുട്ടയാണുള്ളത്. ഇതാണ് നിങ്ങളുടെ സ്വഭാവമെങ്കില്‍ ഇതുപോലുള്ള സ്‌റ്റേഡിയത്തിലേക്ക് ഇത്തരം സ്വഭാവവുമായി വരുന്നതിനു പകരം ഗാലറിയില്‍ ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പമിരുന്ന് സ്‌പ്രൈറ്റ് കുടിക്കുകയും ചിപ്‌സ് തിന്നുകയും ചെയ്ത് കളി കാണുകയാണ് ചെയ്യേണ്ടത്.’ – ബുഫണ്‍ പറഞ്ഞു. റഫറിയുടെ തീരുമാനത്തില്‍ അതിരുവിട്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബുഫണിനെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ചിരുന്നു.