ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ വ്യക്തമായ ലക്ഷ്യം സീസണ്‍ ട്രിപ്പിളാണ്. അവരുടെ കോച്ച് പെപ് ഗുര്‍ഡിയോള ഇക്കാര്യം ഇന്നലെയും ആവര്‍ത്തിച്ചെങ്കില്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യം -ഏക കിരീടമാണ്. കൈവശമുള്ള ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്തണം. ഈ ലക്ഷ്യത്തില്‍ ആര്‍ക്കായിരിക്കും വിജയം ഇന്ന് രാത്രി അറിയാം. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇന്ന് സിറ്റിയും റയലും നേര്‍ക്കുനേര്‍ വരുന്നു. ആദ്യ പാദം റയലിന്റെ ആസ്ഥാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ ഇരുവരും ഒരു ഗോള്‍ അടിച്ച് പിരിയുകയായിരുന്നു. അതിനാല്‍ തന്നെ ഇന്നത്തെ ഇത്തിഹാദ് പോരാട്ടമാണ് നിര്‍ണായകം.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ അതിശക്തരാണ് റയല്‍. അസാമാന്യ വിജയങ്ങള്‍ നിരവധി തവണ സ്വന്തമാക്കിയവര്‍. ഈ കിരീടത്തില്‍ പതിനാല് തവണ മുത്തമിട്ടവര്‍. സിറ്റിയാവട്ടെ ഇത് വരെ വന്‍കരാ കിരീടത്തില്‍ തൊടാന്‍ കഴിയാത്തവരാണ്. ഒരു തവണ ഫൈനലിലെത്തി. അവിടെ ദയനീയമായി തകര്‍ന്നു. ആത്മവിശ്വാസത്തില്‍ സിറ്റിക്കാണ് ഇന്ന് വ്യക്തമായ മേല്‍ക്കൈ. സ്വന്തം മൈതാനത്ത് കളിക്കുന്നു. പ്രീമിയര്‍ ലീഗ് കിരീടം അരികില്‍ നില്‍ക്കുന്നു. ഏര്‍ലിന്‍ ഹലാന്‍ഡും നായകന്‍ കെവിന്‍ ഡി ബ്രുയനും മനോഹരമായി പേസ് ചെയ്യുന്നു. ധാരാളം ഗോളുകള്‍ സ്വന്തമാക്കാന്‍ അവര്‍ക്കാവുന്നു. ഗോള്‍ മുഖത്ത് പന്ത് കിട്ടിയാല്‍ ഏറ്റവും അപകടകാരികള്‍ സിറ്റി മുന്‍നിരക്കാരാണ്. അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എവര്‍ട്ടണെതിരെ രണ്ട് സുന്ദര ഗോളുകള്‍ സ്വന്തമാക്കിയ ഇകര്‍ ഗുന്‍ഡഗോണും റിയാദ് മെഹ്റസുമെല്ലാം ഇത്തിഹാദില്‍ കുതിച്ച് വരുമ്പോള്‍ അവരെ തടയുക എന്നത് റയല്‍ പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ്.
ലാലീഗ കിരീടം നഷ്ടമായവരാണ് റയല്‍. കൈവശം വെച്ചിരുന്ന വലിയ കിരീടം ബദ്ധവൈരികളായ ബാര്‍സിലോണക്ക് മുന്നില്‍ അടിയറ വെച്ച നിരാശയില്‍ അവര്‍ക്ക് മുന്നില്‍ ബാക്കി നില്‍ക്കുന്നത് ചാമ്പ്യന്‍സ് ലീഗാണ്. രണ്ട് വിജയങ്ങള്‍ സ്വന്തമാക്കാനായാല്‍ ആ കിരീടം നേടാനാവും. മുന്‍നിരക്കാരിലാണ് കോച്ച് കാര്‍ലോസ് അന്‍സലോട്ടി പ്രതീക്ഷ വെക്കുന്നത്. കരീം ബെന്‍സേമയും വിനീഷ്യസ് ജൂനിയറുമാണ് സീസണിലെ റയലിന്റെ പ്രധാന ബെറ്റുകള്‍. സീസണില്‍ ഗോള്‍ വേട്ടയില്‍ ബെന്‍സേമ ബഹുദുരം മുന്നിലാണ്. പരുക്കില്‍ നിന്ന് മുക്തനായാണ് അദ്ദേഹമെത്തിയിരിക്കുന്നത്. വിംഗുകളിലുടെ പറന്നു കയറുന്ന ബ്രസീലുകാരനാണ് വിനീഷ്യസ്. റോഡ്രിഗോയും മുന്‍നിരയില്‍ വരുമ്പോള്‍ സിറ്റി പ്രതിരോധത്തിനും പിടിപ്പത് ജോലിയുണ്ടാവും.