ന്യൂഡല്‍ഹി: സുപ്രീം കോടതി നിയമിച്ച മേല്‍നോട്ട സമിതിയുടെ നിര്‍ദേശമെത്തിയതോടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന ബി.സി.സി.ഐ യോഗത്തിന് ശേഷം ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ആരൊക്കെ ടീമിലുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ജനറല്‍ ബോഡി യോഗത്തിന് ശേഷം ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റി അറിയിച്ചിരിക്കുന്നത്. ഐസിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാനാകില്ലെന്നും നിലവിലുള്ള അനിശ്ചിതാവസ്ഥകള്‍ക്കെല്ലാം തന്നെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിന് ശേഷം പരിഹാരമാകുമെന്നും, ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുത്താല്‍ പാകിസ്താനായിരിക്കും ആദ്യ എതിരാളിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ടീമുമായുള്ള മത്സരത്തില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ ഐസിസിക്കെതിരെ പ്രമേയം പാസാക്കുന്നതിനും ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിനും ബിസിസിഐയിലെ ഒരു വിഭാഗം രംഗത്തുണ്ട്. എന്നാല്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ പങ്കെടുക്കമമെന്ന് തന്നെയാണ് മേല്‍നോട്ട സമിതിയുടെ അഭിപ്രായം. ഇതിനെതിരായി ജനറല്‍ ബോഡി യോഗത്തില്‍ ഐക്യകണ്ഠ്യേന തീരുമാനമുണ്ടായാല്‍ പോലും സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നും സമിതി അധ്യക്ഷന്‍ വിനോദ് റായി വ്യക്തമാക്കിയിരുന്നു.
അടുത്തമാസം ഒന്നിന് തുടങ്ങുന്ന മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ച്ച വെച്ചേ മതിയാകു. അതേ സമയം കളത്തിന് പുറത്തെ വിവാദങ്ങളൊന്നും തങ്ങളെ ഏശിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് വിരാട് കോലിയുടെയും സംഘത്തിന്റേയും ആവശ്യമാണ്.