യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിച്ചും സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും നേര്‍ക്ക് നേര്‍. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ സെമി ഫൈനലില്‍ ഇരുടീമുകളും 2-2 സമനിലയില്‍ പിരിഞ്ഞിരുന്നു. മാഡ്രിഡിന്റെ തട്ടകമായ സാന്റിയോഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇരു ടീമുകളും ചിന്തിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ജിറോണയെയും ബാഴ്സലോണയെയും പിന്നിലാക്കി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. അതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവും ആതിഥേയര്‍ ഗ്രൗണ്ടില്‍ ഇറങ്ങുക.
മിന്നും ഫോമിലുള്ള വിനീഷ്യസ് ജൂനിയറിലാണ് റയലിന്റെ പ്രതീക്ഷ മുഴുവനും. ആദ്യ പാദ സെമി ഫൈനലില്‍ ഒരു ഗോളിന് ബയേണിനോട് പിറകിലായിരുന്ന റയലിനെ രക്ഷിച്ചത് വിനീഷ്യന്റെ തകര്‍പ്പന്‍ ഇരട്ട ഗോളുകള്‍ തന്നെയായിരുന്നു. അവസരത്തിനൊത്ത് കളിക്കുന്ന ബെല്ലിങ്ഹാമും മാഡ്രിഡിന് കരുത്താകും. കൂടാതെ ടോണി ക്രൂസും റോഡ്രിഗോയ്ക്കും ബയേണിന്റെ പ്രതിരോധ നിരയില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ കഴിയും.
മറുവശത്തുള്ള ബയേണ്‍ മ്യൂണിക്കാവട്ടെ കാലങ്ങളായി തങ്ങള്‍ കൈക്കലാക്കിയിരുന്ന ബുണ്ടസ് ലീഗ കിരീടം നഷ്ട്ടപ്പെടുത്തിയതിന്റെ നിരാശയിലാണ്. ലീഗ് കപ്പില്‍ നിന്നും കൂടി പുറത്ത് പോയതോടെ സീസണില്‍ കിരീടം നേടാനുള്ള ബയേണിന്റെ അവസാന ചാന്‍സ് കൂടിയാണ് ചാമ്പ്യന്‍സ് ലീഗ്. ടോട്ടന്‍ഹാമില്‍ നിന്ന് പൊന്നും വിലയ്ക്കെടുത്ത ഹാരി കെയ്നിന്റെ ഫിനിഷിങ് മികവിലാണ് ബയേണിന്റെ മുഴുവന്‍ പ്രതീക്ഷ.
ഇന്നത്തെ മത്സരം വിജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ബയേണിന്റെ 14-ാം ഫൈനല്‍ പ്രവേശനമായിരിക്കും. അഞ്ചു തവണയാണ് ബയേണ്‍ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുള്ളത്. എന്നാല്‍ 17 തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ റയല്‍ മാഡ്രിഡിന് 14 തവണയും കിരീടം നേടാനായിരുന്നു. ഇന്ന് രാത്രി 12:30 നാണ് റയല്‍-ബയേണ്‍ രണ്ടാം പാദ സെമി മത്സരം.