തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹാട്രിക് കിരീടം. കിരീട പോരാട്ടത്തില്‍ ആദ്യദിനത്തില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാടിനെ ബഹുദൂരം പിന്നിലാക്കിയാണ്, കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 913 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ആദ്യ ദിനത്തില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ തമിഴ്നാടിന് 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവുമായി 748 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 20 സ്വര്‍ണവും 34 വെള്ളിയും 27 വെങ്കലവും നേടിയ കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്, 566 പോയിന്റ്.
രണ്ടാം ദിനത്തില്‍ 20 മീറ്റ് റെക്കോഡുകളാണ് പിറന്നത്. അതില്‍ പത്തെണ്ണം കേരളത്തിന്റെ വകയായിരുന്നു. പെണ്‍കുട്ടികളുടെ (അണ്ടര്‍ 16) 800 മീറ്ററില്‍ കേരളത്തിന്റെ സാന്ദ്ര എ.എസ് മീറ്റ് റെക്കോഡോടെ (2:17.07)സ്വര്‍ണം നേടി. 2003ല്‍ കര്‍ണാടകയുടെ ആര്‍.മഹാലക്ഷ്മി കുറിച്ച (2:17.20) റെക്കോര്‍ഡാണ് സാന്ദ്ര മറികടന്നത്. പെണ്‍കുട്ടികളുടെ (അണ്ടര്‍ 18) 200 മീറ്ററില്‍ അന്‍സി സോജനും (25.09) റെക്കോഡിട്ടു. 2012ല്‍ കേരളത്തിന്റെ തന്നെ സി.രംഗിത കുറിച്ച (25.56) സമയമാണ് അന്‍സി മാറ്റിയെഴുതിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാര്‍ മീറ്റ് റെക്കോഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവച്ചു. 2004ല്‍ കര്‍ണാടകയുടെ കാവ്യ മുത്തന്ന കുറിച്ച 1.71 മീറ്ററാണ് ഗായത്രി ചാടിയത്.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ കേരളത്തിന്റെ രണ്ട് താരങ്ങള്‍ മീറ്റ് റെക്കോഡ് മറികടന്നു. 7:12.5 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നിബിയ ജോസഫ് സ്വര്‍ണവും 7:56.994 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്വേത കെ. വെള്ളിയും നേടി. കേരളത്തിന്റെ തന്നെ റിയ തോമസ് 2011ല്‍ കുറിച്ച 8:12.25 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.
16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ കേരള താരങ്ങളും മീറ്റ് റെക്കോഡ് തിരുത്തി. 13.55 സെക്കന്‍ഡില്‍ ഒന്നാമനായ മുഹമ്മദ് ലാസന്‍ സ്വര്‍ണവും 13.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സൂര്യജിത് ആര്‍.കെ. വെള്ളിയും നേടി. കേരളത്തിന്റെതന്നെ മെയ്മോന്‍ പൗലോസ് 2012ല്‍ കുറിച്ച 13.92 സെക്കന്‍ഡായിരുന്നു ഇരുവരും പഴങ്കഥയാക്കിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കേരളത്തിന് നേടാനായി. സല്‍മാന്‍ ഫറൂഖ്(5:59.68) സ്വര്‍ണവും വിഷ്ണു ബൈജു(6:3.47) വെള്ളിയും നേടിയപ്പോള്‍ തമിഴ്നാടിനായിരുന്നു വെങ്കലം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന് വെള്ളിയും വെങ്കലവുംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാടിനുവേണ്ടി ആര്‍.ഹേമലത(6:52.66) സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിനായി പൗര്‍ണമി എന്‍.(6:55.66) വെള്ളിയും ചാന്ദിനി(7:4.57) വെങ്കലവും നേടി.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ കേരളത്തിനുവേണ്ടി ബബിത സി. (10:25.11) സ്വര്‍ണം നേടി. അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 5000 മീറ്ററില്‍ കേരളത്തന്റെ അഭിനന്ദ് സുരേന്ദ്രന്‍ (15:12.97) സ്വര്‍ണവും ഷെറിന്‍ ജോസ് (15:15.92) വെള്ളിയും നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തിന്റെ മെല്‍ബിന്‍ ബിജു സ്വര്‍ണവും കേരളത്തിന്റെതന്നെ ആകാശ് ബിജു പീറ്റര്‍ വെങ്കലവും നേടി.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തിന്റെ മുഹമ്മദ് ലാസന്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 2012ല്‍ കേരളത്തിന്റെതന്നെ മെയ്മോന്‍ പൗലോസ് കുറിച്ച (13.92) റെക്കോഡാണ് മുഹമ്മദ് ലാസന്‍ (13.55) തിരുത്തിയത്.
- 7 years ago
chandrika
Categories:
Video Stories
ചാമ്പ്യന്‍സ്
Tags: sports
Related Post