X

ക്രിസ്റ്റിയാനോ കളിച്ചില്ല; റയലിന് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. സീസണില്‍ തപ്പിതടയുന്ന ചാമ്പ്യന്മാര്‍ ലാലിഗിലെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിനവര്‍ തല താഴ്ത്തുകയായിരുന്നു.

സീസണിലെ അഞ്ചാം തോല്‍വിക്കൊപ്പം ലീഗിലെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിഡിന് അരികിലെത്താനുള്ള അവസരവും പാഴായി. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുന്‍നിരയില്‍ ജെറാത്ത് ബെയിലും ഇസ്‌ക്കോയും തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയതാണ് ടീമിന് തലവേദനയായത്.

ലീഗില്‍ എസ്പാനിയോളിനെതിരെ തുടര്‍ച്ചയായി പതിനൊന്ന് വിജയം സ്വന്തമാക്കിയവരാണ് റയല്‍. ഇത്തവണ പക്ഷേ ആര്‍.സി.ഡി.ഇ സ്‌റ്റേഡിയത്തില്‍ അവസരങ്ങള്‍ പാഴാക്കുന്നതില്‍ എല്ലാവരും മല്‍സരിക്കുന്ന കാഴ്ച്ചയായിരുന്നു. രണ്ട് തവണ എസ്പാനിയോളുകാര്‍ റയലിന്റെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ രണ്ട് തവണയും റഫറിയുടെ വിസില്‍ റയലിനെ തുണച്ചു. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ ജെറാര്‍ഡ് മോറിനോ എസ്പാനിയോളിന് ആഘോഷദിനം സമ്മാനിച്ച് പന്ത് വലയിലാക്കി.

അവസരവാദിയായ കൃസ്റ്റിയാനോ ഇല്ലെങ്കില്‍ റയലിന് ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിയില്ല എന്നതിനുള്ള മറ്റൊരു തെളിവ് കൂടിയായി ഈ പരാജയം. എല്ലാ പരാജയങ്ങളിലും താരങ്ങള്‍ക്കൊപ്പം നില്‍ക്കാറുള്ള ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്‍ ഇന്നലെ തന്റെ നിരാശ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ മാര്‍ച്ച് 7ന് പാരിസില്‍ പി.എസ്.ജിയുമായി നിര്‍ണായക മല്‍സരം കളിക്കാനിരിക്കെയാണ് ടീമിനെ ഉലച്ച അപ്രതീക്ഷിത പരാജയം.

chandrika: