X

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലും അത്‌ലറ്റികോയും മുഖാമുഖം; ആദ്യപാദം മെയ് 2ന്

നിയോണ്‍: കാത്തിരിക്കൂ….. ചാമ്പ്യന്‍സ് ലീഗ് ആവേശത്തിന് ശേഷം ഇതാ സെമിയിലും ആവേശം മാനം മുട്ടെ…..തുടര്‍ച്ചയായി നാലാം സീസണിലും റയല്‍ മാഡ്രിഡ് അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടത്തിന് വേദിയൊരുക്കിക്കൊണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ലൈനപ്പായി. ഇറ്റാലിയന്‍ കരുത്തരായ യുവന്തസ്-മൊണാക്കോയുമായി സെമിയില്‍ ഏറ്റുമുട്ടും. നേരത്തെ രണ്ടു തവണ ഫൈനലിലും ഒരു തവണ ക്വാര്‍ട്ടറിലും റയല്‍-അത്‌ലറ്റിക്കോ പോരാട്ടം നടന്നതെങ്കില്‍ ഇത്തവണ അത് സെമി ഫൈനലിലേക്ക് വഴി മാറിയെന്നു മാത്രം. 2014, 2016 ലും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കോയെ കീഴടക്കിയ റയല്‍ 2015 ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് നാട്ടുകാരെ തോല്‍പിച്ചത്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനമായ റയല്‍-അത്‌ലറ്റിക്കോ മത്സരത്തിന്റെ ആദ്യ പാദം റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ മെയ് രണ്ടിന് രാത്രി നടക്കും. മൊണോക്കോ-യുവെ മല്‍സരം മൂന്നിന് രാത്രിയാണ്. തൊട്ടടുത്ത ആഴ്ചയില്‍ റിട്ടേണ്‍ ലഗ് മത്സരങ്ങളും നടക്കും. മൊണാക്കോയുടെ ഹോം ഗ്രൗണ്ടാ. സ്‌റ്റേഡ് ലൂയിസിലാണ് മൊണാക്കോ-യുവന്തസ് ആദ്യ പാദം. ജൂണ്‍ മൂന്നിന് കാര്‍ഡിഫിലെ പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം. ഇതാദ്യമായാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിന് വെയില്‍സ് വേദിയാവുന്നത്.

റയല്‍ മാഡ്രിഡ്
സൈനുദ്ദീന്‍ സിദാനെന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇത്തവണ റയലിന്റെ സെമി പ്രവേശം. ബൊറൂസിയ ഡോര്‍ട്ട്മണ്ടിന് പിന്നിലായി ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാമതായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് റയല്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ നാപോളിയെ ഇരു പാദങ്ങളിലായി 6-2ന് തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തിയ റയല്‍ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയത് മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ്. ചാമ്പ്യന്‍സ് ലീഗില്‍ 100 ഗോള്‍ പൂര്‍ത്തിയാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ സ്റ്റാര്‍ പ്ലെയര്‍. നിലവിലെ ചാമ്പ്യന്‍മാരായ റയലിന് ഇത്തവണ കപ്പ് നിലനിര്‍ത്താനായാല്‍ 1990ല്‍ എസി മിലാന് ശേഷം ഈ നേട്ടം ആവര്‍ത്തിക്കുന്ന ടീമെന്ന റെക്കോര്‍ഡ് സിദാന്റെ സംഘത്തിന് കൈവരും.
അത്‌ലറ്റിക്കോ
ഡീഗോ സിമിയോണിക്കു പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ മികച്ച താരമായ അന്റോണിയോ ഗ്രീസ്മാനെ മുന്‍നിര്‍ത്തി ഇറങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡ് ഗ്രൂപ്പ് ഘട്ടത്തില്‍ ആറില്‍ അഞ്ച് മത്സരങ്ങളും വിജയിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പ്രീ ക്വാര്‍ട്ടറില്‍ ബയര്‍ ലവര്‍കൂസനെ 4-2ന് കീഴടക്കിയ അത്‌ലറ്റിക്കോ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ഇരുപാദങ്ങളിലായി 2-1ന് തോല്‍പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.
2014ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 94-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളില്‍ റയലിനോട് തോറ്റ അത്‌ലറ്റിക്കോയ്ക്ക് 2016ല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കാലിടറിയത്. ഇരു ടീമുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ റയല്‍ തന്നെയാണ് ഹോട്ട് ഫേവറിറ്റുകള്‍.
യുവന്തസ്
സൂപ്പര്‍ സ്റ്റാര്‍ പദവിയൊന്നുമില്ലാത്ത മാസിമിലാനോ അല്ലഗ്രിയെന്ന പ്രതിഭാധനനായ കോച്ചിന് കീഴില്‍ എത്തുന്ന യുവന്തസ് ഹിഗ്വയ്ന്‍, ഡിബാല, ചെല്ലീനി എന്നീ താരങ്ങളേയും പോസ്റ്റിന് കീഴില്‍ പരിചയ സമ്പന്നനായ വെറ്റിറന്‍ താരം ജിയാന്‍ ല്യൂഗി ബഫണിലുമാണ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്. സെവിയ്യ, ലിയോണ്‍ തുടങ്ങി വന്‍തോക്കുകളുള്ള ഗ്രൂപ്പില്‍ നിന്നും പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കറുത്ത കുതിരകളായി മാത്രം വിശേഷിപ്പിച്ചിരുന്ന യുവന്തസ് പ്രീ ക്വാര്‍ട്ടറില്‍ എഫ്.സി പോര്‍ട്ടോയെ ഇരു പാദങ്ങളിലായി 3-0ന് തോല്‍പിച്ചപ്പോഴും ആരും വകവെച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ താരപ്പടയുമായി എത്തിയ ബാഴ്‌സലോണയെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പിക്കുകയും ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയും ചെയ്തതോടെ ഇത്തവണത്തെ ഹോട്ട് ഫേവറിറ്റുകളായി ടീം മാറിക്കഴിഞ്ഞു. 1996-98 വരെ മൂന്നു തവണ തുടര്‍ച്ചയായി ഫൈനലിലെത്തിയ ചരിത്രമുള്ള യുവന്റസ് 96 ല്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയും 2013ലും 2015ല്‍ ഫൈനല്‍ പ്രവേശം നേടുകയും ചെയ്തിട്ടുണ്ട്.

മൊണോക്കോ
ലിയനാര്‍ഡോ യാര്‍ഡിം സെമി ഫൈനല്‍ പ്രവേശം നേടിയ നാലു ടീമുകളില്‍ അധികമൊന്നും അറിയപ്പെടാത്ത പേര്. എന്നാല്‍ മൊണോക്കോയുടെ യുവനിരയെ സെമി വരെ എത്തിച്ച യാര്‍ഡിം 2014ലാണ് ടീമിനൊപ്പം ചേരുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമിനെ ആക്രമണ നിരയാക്കിയത് യാര്‍ഡിമിന്റെ മിടുക്കു തന്നെയാണ്. കിലിയന്‍ ബാപേയാണ് ടീമിന്റെ കുന്തമുന. ക്വാളിഫയിങ് റൗണ്ട് കളിച്ച് അവസാന നാലിലെത്തിയ മൊാക്കോ വില്ലറിയല്‍, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ സിറ്റി, ബൊറൂസിയ ഡോട്മണ്ട് എന്നിവരെയാണ് പിന്തള്ളിയത്. 2004ല്‍ അപ്രതീക്ഷിതമായി ഫൈനലിലെത്തിയതൊഴിച്ചാല്‍ കാര്യമായ ചരിത്രമൊന്നും പറയാന്‍ മൊണാക്കോയ്ക്കില്ല.

chandrika: