കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രടറിയേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം അപലപനീയവും ധിക്കാരപരവുമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. അവകാശ സമരങ്ങളെ ചോരയില്‍ മുക്കി അമര്‍ച്ച ചെയ്യാമെന്നത് ഇടത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണ്.
കൊലപാതകികളും ഗുണ്ടകളുമായ വിദ്യാര്‍ത്ഥി നേതാക്കള്‍ തലസ്ഥാനത്ത് സ്വൈര്യ വിഹാരം നടത്തുമ്പോള്‍ ആണ് സമാധാനപരമായി ജനാതിപത്യ രീതിയില്‍ സമരം നടത്തിയ എം.എസ്.എഫ് നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാരകമായി പരുക്കേല്‍ക്കുകയുണ്ടായി. പൊലീസ് മുറ കൊണ്ട് മാത്രം സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് പഞ്ചായത് മുനിസിപ്പല്‍ തലങ്ങളില്‍ മുസ്്‌ലിംലീഗ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വിജയിപ്പിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.