കണ്ണൂര്‍: ‘പെട്ടെന്ന് ഒരു പനി വന്നാല്‍ അഭയം തേടുക പാരസെറ്റമോളിലാണ്.. അല്ലെങ്കില്‍ ആന്റിബയോട്ടിക് ഏതെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ കാലാവധി പോലും നോക്കാതെയാണ് ഉപയോഗം. സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ പഴയ കുറിപ്പടി കാണിച്ചും കുറിപ്പടിയില്ലാതെയും ആന്റിബയോട്ടിക് കഴിക്കുന്നവരാണേറെയും’ തന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത് പങ്കുവെച്ച് കയ്യടി നേടുകയായിരുന്നു
എട്ടാം ക്ലാസുകാരി മലയാളി വിദ്യാര്‍ഥി റിമ ജാഫര്‍.
36-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിൽ പങ്കെടുക്കാനായി മാത്രം
കുവൈത്തിൽ നിന്നെത്തിയ തളിപ്പറമ്പുകാരി റിമ ജാഫറാണ് ആന്റി ബയോട്ടിക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തന്റെ ഗവേഷണ മികവിലൂടെ അവതരിപ്പിച്ചത്.
കാസര്‍കോട് നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു കുവെെറ്റ് അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി റീമ ജാഫര്‍ പ്രബന്ധാവതരണം. ആന്റിബയോട്ടിക് ഉപയോഗം ആവശ്യത്തിനും അനവസരത്തിലുമാകുമ്പോള്‍ അത് മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങളും ആന്റി ബയോട്ടിക് ഉള്‍പ്പെടെ അലോപ്പതി മരുന്നുകള്‍ അലക്ഷ്യമായി വലിച്ചെറിയുമ്പോള്‍ ഭൂമിക്കുണ്ടാകുന്ന ഭവിഷത്തുമാണ് റീമ ജാഫര്‍ ആ വലിയ വേദിയില്‍ അവതരിപ്പിച്ചത്.
പ്രതിരോധമരുന്നായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ക്ക് ബാക്ടീരിയകളെ പ്രതിരോധിക്കാനാകുമോ അത്തരം ബാക്ടീരിയകളുടെ സാന്നിധ്യം നിത്യജീവിതത്തില്‍ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പഠന ഗവേഷണമായിരുന്നു റീമ ജാഫറിന്റേത്. വിദ്യാർഥികളുടെ സെഷനിൽ പ്രബന്ധാവതരണത്തിന് എത്തിയ റീമ ജാഫറിന്റെ വ്യത്യസ്തവും ഗൗരവവുമായ വിഷയം മുതിർന്ന ശാസ്ത്രജ്ഞരുടെ സെഷനിവും ഇടംനേടുകയായിരുന്നു. ഈ സെഷനിലായിരുന്നു റീമ തന്റെ അന്വേഷണങ്ങളുടെ വിശദമായ അവതരണം നടത്തിയത്. കാസർകോട് ഗവ.കോളജില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് ഈ രംഗത്തെ പ്രതിഭകളുടെ സംഗമം കൂടയായിരുന്നു.
2022ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ പ്രൊഫ.മോര്‍ട്ടന്‍ മെല്ഡന്റെ സാന്നിധ്യവും അനുസ്മരണ പ്രഭാഷണങ്ങളും പ്രബന്ധങ്ങള്‍, പോസ്റ്റര്‍ അവതരണങ്ങൾ എന്നിവയാൽ ശാസ്ത്ര ലോകത്തിന്റെ കൊച്ചുപതിപ്പാണ് പരിപാടി. കുട്ടിശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണങ്ങളും ബിരുദാനന്തരബിരുദ വിദ്യാർഥികളുമായി സംവാദവും മികവുപുലർത്തി. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ ദേശീയ ശാസ്ത്ര കോൺഗ്രസിലും റീമ ജാഫർ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സ്കൂൾ തലങ്ങളിൽ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.