X

ഒറ്റപ്പെട്ട് ചാലിയാര്‍ തീരങ്ങള്‍; മാവൂരില്‍ ഭീതിയൊഴിയുന്നില്ല

കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് നദികള്‍ ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടതിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ചാലിയാറില്‍ ഉരുള്‍പൊട്ടലുകളാണ് വലിയ തോതിലുള്ള പ്രളയത്തിനു കാരണമായത്. അതിനിടെ മാവൂര്‍ തീരങ്ങളില്‍ കുഞ്ഞുങ്ങളുടെ മരണം കൂടിയായപ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തില്‍ എല്ലായിടത്തും ജനങ്ങള്‍ ആശങ്കയിലായി.
മാവൂരിനെ ഒറ്റപ്പെടുത്തിയത് മൂന്നു പുഴകളാണ്. ഒരു ഭാഗത്ത് ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെള്ളം കയറി.

മാവൂര്‍ ഭാഗത്ത് പുഴവെള്ളം കരകവിഞ്ഞതോടെ എളമരം കടവില്‍ യാത്രാ ബോട്ടുകള്‍ റോഡിലേക്ക് നീങ്ങിയ അവസ്ഥയിലാണ്. ചാലിയാറില്‍ നിന്നും വെള്ളം എളമരം അങ്ങാടിയിലേക്ക് നിറഞ്ഞൊഴുകി. ചാലിയാറിനു സമീപത്തെ എല്ലാ റോഡുകളും വെള്ളത്തിന് അടിയിലാണ്.

എളമരം അങ്ങാടി

മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും അതിര്‍ത്തിയായ മാവൂരില്‍ ചാലിയാര്‍ പുഴക്കരികെയുള്ള ഭാഗങ്ങളില്‍ കനത്ത ദുരന്തമാണുണ്ടായത്. ചാലിയാറിനോടു ചേര്‍ത്ത പ്രദേശങ്ങളിലൊക്കെ കനത്ത ഒഴുക്കുണ്ടായതിനാല്‍ വീടുകളൊഴിഞ്ഞ് മറ്റിടങ്ങളിലേക്ക് മാറുന്നതു പോലും പ്രതിസന്ധിയിലായി. മാവൂരിന്റെ മറുഭാഗത്ത് ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കരകവിഞ്ഞൊഴുകി. മാവൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ വെള്ളപ്പൊക്കം. വെള്ളം കയറിയേക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലാത്ത വീടുകള്‍ ഒറ്റപ്പെട്ടു കുടുങ്ങി. അറൂനൂറിലേറെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു എന്നതായിരുന്നു പ്രാഥമിക വിവരം. മിക്കവാറും ആളുകള്‍ ബന്ധുവീടുകളിലാണ്.

chandrika: