കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ വാര്‍ത്ത് നിഷേധിച്ച് ദിവ്യ സ്പന്ദന. താന്‍ കുറച്ച് നാളായി അവധിയിലാണെന്നും അതിനാല്‍ ഓഫീസില്‍ പോകാറില്ലെന്നും ദിവ്യ സ്പന്ദന ടൈംസ് നൗവിനോട് പറഞ്ഞു. വ്യാഴാഴ്ച ഓഫീസില്‍ പോകുമെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ട്വിറ്റര്‍ ബഗ് മൂലം സംഭവിച്ച ചില തകരാറ് മാത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഉണ്ടായതെന്നും ദിവ്യ പറഞ്ഞു. ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ വിവരങ്ങള്‍ കാണാതാവുകയും സെപ്തംബര്‍ 29 ന് ശേഷം പുതിയ ട്വീറ്റുകളൊന്നും വരാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദിവ്യ രാജിവെക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്ത വന്നത്.
സീ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദിവ്യ ബി.ജെ.പിയിലേക്ക് പോകുമെന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന തരത്തില്‍ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനയ്‌ക്കെതിരേ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ യു.പി പൊലീസ് കേസെടുത്തത്.