തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാനുറച്ച് സജീവമാകുന്നതിടെ സുരേഷ് ഗോപിക്ക് കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനം നല്‍കി ഒതുക്കിയതിനു പിന്നില്‍ ആരെന്ന ചര്‍ച്ചകള്‍ സജീവമാക്കി ബി.ജെ.പി. സുരേഷ് ഗോപിയെ ഒതുക്കാന്‍ കഴിയുന്നത്ര സ്വാധീനമുള്ള നേതാക്കള്‍ കേരള ബി.ജെ.പിയില്‍ ഇല്ലെന്നിരിക്കെ തനിക്ക് പണി വന്നത് മുകളില്‍ നിന്നാണെന്ന് അദ്ദേഹം കരുതുന്നു.
കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം പ്രഖ്യാപിച്ചതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാല്‍ സ്ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ല. ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്ററി രംഗത്ത് കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരില്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരില്‍ത്തന്നെ മത്സരിക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയിലാണ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. മൂന്നുവര്‍ഷമാണ് കാലാവധി.
മാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി വിവരം അറിഞ്ഞതത്രേ. കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാല്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയില്‍ നേരത്തെ പ്രചാരണമുണ്ടായെങ്കിലും സ്ഥാനം ലഭിച്ചില്ല. രാഷ്ട്രീയത്തില്‍ സജീവമാകുന്ന ഘട്ടത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമായാണോ എന്ന് അദ്ദേഹത്തിനൊപ്പമുള്ളവര്‍ സംശയിക്കുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്.