X

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍; പ്രേംകുമാറിന് താല്‍ക്കാലിക ചുമതല

ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നടൻ പ്രേംകുമാറിന്. നിലവിൽ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആണ്. ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു. പ്രേം കുമാറിന് അക്കാദമി ചെയർമാന്റെ താത്കാലിക ചുമതല നൽകികൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി.

പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ പരാതി. ലൈം​ഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ആരോപണം ഉയർന്നത്.

നടിയുടെ പരാതിക്ക് പിന്നാലെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതി നൽകിയത്. 2012ലാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പൊലീസ് രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു.

webdesk13: