ബെയ്ജിങ്: ഇന്ത്യയുടെ പ്രഥമ സ്വദേശി നിര്‍മിത വിമാന വാഹിനിക്കപ്പലായ വിക്രാന്ത് സാക്ഷാല്‍ക്കരിക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരവെ ഇന്ത്യയെ ഞെട്ടിച്ച് ചൈനയുടെ നീക്കം. പൂര്‍ണമായും ചൈനയില്‍ നിര്‍മിച്ച വിമാന വാഹിനിക്കപ്പല്‍ പുറത്തിറക്കിയാണ് ചൈന തങ്ങളുടെ സൈനിക ബലം ശക്തിപ്പെടുത്തിയിരിക്കുന്നത്.
2020 ശേഷം മാത്രമേ ഇത് പ്രവര്‍ത്തിനെത്തൂ എന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനീസ് നാവിക സേനയുടെ 68ാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഞായറാഴ്ച പുതിയ വിമാന വാഹിനിക്കപ്പല്‍ പുറത്തിറക്കിയിരിക്കുന്നത്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട് ആകുലതകള്‍ ഉയരുന്ന പശ്ചാത്തലത്തിലുള്ള ചൈനയുടെ പുതിയ നീക്കത്തെ ഏറെ ആശങ്കയോടെയാണ ലോകം വീക്ഷിക്കുന്നത്.
വടക്കുകിഴക്കന്‍ തുറമുഖ നഗരമായ ദാലിയാനില്‍ ഏറെ ആഘോഷത്തോടെയായിരുന്നു പുതിയ വിമാന വാഹിനിക്കപ്പലിന്റ അരങ്ങേറ്റം. വര്‍ണാഭമായ റിബ്ബണുകള്‍ കൊണ്ട് അലങ്കരിച്ച 001എ മോഡല്‍ കപ്പല്‍ പരമ്പരാഗതമായ രീതിയില്‍ ഷാംപെയ്ന്‍ കുപ്പി പൊട്ടിച്ചും റിബ്ബണ്‍ മുറിച്ചുമാണ് വെള്ളത്തിലിറക്കിയത്.
ചൈന പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും പുതിയ മോഡലാണ് 001എ മോഡല്‍ വിമാന വാഹിനിക്കപ്പല്‍. 25 വര്‍ഷം മുമ്പ് നിര്‍മിച്ച സോവിയറ്റ് കപ്പലാണ് 2012ല്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം ചൈന തങ്ങളുടെ പ്രഥമ സ്വദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായി പുറത്തിറക്കിയിരിക്കുന്നത്. ബ്രിട്ടന്‍, അമേരിക്ക, റഷ്യ എന്നിവരുടെ നിരയിലേക്കാണ് സ്വദേശ നിര്‍മ്മിത വിമാനവാഹിനിക്കപ്പല്‍ പുറത്തിറക്കുന്നതിലൂടെ ചൈന എത്തുന്നത്.