സുഫ്‌യാന്‍ അബ്ദുസ്സലാം
1979 ഡിസംബര്‍ ഒന്ന് കേരളത്തിന് മറക്കാന്‍ സാധിക്കാത്ത ദിനമാണ്. ഭരണ പ്രതിസന്ധിയില്‍ ആടിയുലഞ്ഞിരുന്ന സംസ്ഥാനത്തിന് പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ നല്‍കി അധികാരത്തില്‍ വന്ന സി.എച്ച് മുഹമ്മദ് കോയ സര്‍ക്കാര്‍ രാജിവെച്ച ദിവസമാണത്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി 1970 മുതല്‍ രൂപംകൊണ്ട ഐക്യമുന്നണിയുടെ തുടര്‍ച്ചയായി കെ. കരുണാകരന്‍, എ.കെ ആന്റണി, പി.കെ വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് ശേഷമാണ് സി.എച്ച് മുഹമ്മദ്‌കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. സംസ്ഥാനത്തെ ഭരണ പ്രതിസന്ധി സി.എച്ചിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഐക്യമുന്നണിക്കും ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തിനുമുണ്ടായിരുന്നത്. സി.പി.ഐ, മുസ്‌ലിംലീഗ്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഐക്യമുന്നണിക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ടായിരുന്നു.
1970 ല്‍ അധികാരത്തില്‍ വന്ന സി. അച്യുതമേനോന്‍ മന്ത്രിസഭക്ക് 1975 ല്‍ കാലാവധി കഴിഞ്ഞിട്ടും അടിയന്തരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധി കാരണം 1977 വരെ അധികാരത്തില്‍ തുടരേണ്ടി വന്നു. അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്‌സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍ ഐക്യമുന്നണി വിജയിച്ചെങ്കില്‍ 37 സീറ്റില്‍ മാത്രമാണ് മാര്‍ക്‌സിസ്റ്റ് മുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചെങ്കിലും രാജന്‍ കേസിന്റെ പേരില്‍ ഒരു മാസത്തിനകം അദ്ദേഹത്തിന് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന എ.കെ ആന്റണി ഒരു വര്‍ഷം അധികാരത്തിലിരുന്നെങ്കിലും 1978ല്‍ ചിക്കമംഗ്ലൂരില്‍ ഇന്ദിരാഗാന്ധിയെ മത്സരിപ്പിച്ച കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആന്റണിയുടെ രാജിയെ തുടര്‍ന്ന് സി. പി.ഐ നേതാവായ പി.കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി.
ഉണ്ടിരുന്ന നായര്‍ക്ക് ഉള്‍വിളി ഉണ്ടായി എന്നു പറഞ്ഞപോലെ വളരെ പെട്ടെന്നായിരുന്നു പി.കെ.വിക്ക് കമ്യൂണിസ്റ്റ് ഐക്യം എന്ന ഉള്‍വിളി ഉണ്ടാവുന്നത്. 1965ല്‍ പിളര്‍ന്നുപോയ സി.പി.എമ്മിനെ അടുപ്പിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് 1978 ഏപ്രിലില്‍ പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ചേര്‍ന്ന സി. പി.ഐ ദേശീയ സമ്മേളനം മുന്നോട്ടുവെച്ച ‘കമ്യൂണിസ്റ്റ് ഐക്യം’ എന്ന സ്വപ്‌നമാണ് പി.കെ.വിയുടെ രാജിയിലേക്ക് നയിച്ചത്. പി.കെ.വിയുടെ അന്തഃകരണത്തില്‍ ഉദിച്ചുപൊന്തിയ കമ്യൂണിസ്റ്റ് ഐക്യമെന്ന ദിവാസ്വപ്‌നം ഐക്യമുന്നണിയില്‍ നിന്നും പുറത്തുപോകാന്‍ സി.പി.ഐയെ പ്രേരിപ്പിച്ചു. 1979 ഒക്ടോബര്‍ ഏഴിന് പി. കെ.വി മുഖ്യമന്ത്രി പദം രാജിവെച്ചു. ഐക്യമുന്നണിയില്‍നിന്ന് മത്സരിച്ച സി.പി.ഐക്ക് 23 എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. സി.പി.എമ്മിന് 17 അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഐക്യമുന്നണിയെ ഉപേക്ഷിച്ച് മാര്‍ക്‌സിസ്റ്റ് കൂടാരത്തിലെത്തിയ സി.പി.ഐക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ 17 സീറ്റിലേ വിജയിക്കാനായുള്ളൂ. സി.പി.എം 35 സീറ്റുകള്‍ നേടുകയും ചെയ്തു.
സി.പി.ഐ ഉപ്പുവെച്ച കാലം പോലെയായി. ഇപ്പോള്‍ 16 അംഗങ്ങളാണ് സി.പി.ഐക്ക് ഉള്ളത്. 1977 ല്‍ കേവലം 17 സീറ്റ് മാത്രമുണ്ടായിരുന്ന സി.പി.എമ്മിന് ഇന്ന് കേരള നിയമസഭയില്‍ 62 എം.എല്‍.എമാരുണ്ട് എന്ന കാര്യം വിലയിരുത്തുമ്പോള്‍ കമ്യൂണിസ്റ്റ് ഐക്യമെന്ന ആശയം സി.പി.ഐ എന്ന പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചതെന്ന് മനസ്സിലാകും.
1970 മുതല്‍ 77 വരെ കേരളം ഭരിച്ച പ്രഗത്ഭമതിയും പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രണേതാവുമായിരുന്ന സി. അച്യുതമേനോന്‍ സി.പി.എം ബന്ധം സി.പി.ഐക്ക് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കിയ നേതാവായിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്‌ലിംലീഗിന്റെയും കൂടെ ഏഴു വര്‍ഷക്കാലം കേരളം ഭരിച്ച സി.പി.ഐക്ക് അന്ന് ആരുടേയും വല്യേട്ടന്‍ ഭീഷണികള്‍ അനുഭവിക്കേണ്ടിവന്നിരുന്നില്ല. അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ രാജിക്ക് രാഷ്ട്രീയ കാരണങ്ങള്‍ നിരത്താന്‍ പി.#ംകെ.വിയുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. അങ്ങനെ ജനങ്ങളോട് പറയാനുള്ള കാരണമായി പി. കെ.വി കണ്ടെത്തിയത് ‘ഇഷ്ടദാനം’ ആയിരുന്നു. അദ്ദേഹം തന്നെ ആവിഷ്‌കരിച്ച ഇഷ്ടദാന ബില്ലിനോട് ഇഷ്ടക്കേട് രാഷ്ട്രീയകാരണമായി അവതരിപ്പിക്കുകയായിരുന്നു.
എന്താണ് ഇഷ്ടദാനം? ജന്മിത്തത്തിന്റെ കരാളഹസ്തങ്ങളില്‍നിന്നും കേരളത്തിന്റെ ഭൂ വിഭവങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം പൊതുവില്‍ അംഗീകരിച്ച ആശയമായിരുന്നു ഭൂ പരിഷ്‌കരണം. ഒരു വ്യക്തിക്ക് പരമാവധി കൈവശം വെക്കാവുന്ന ഭൂമിയുടെ അളവ് കണക്കാക്കുകയും മിച്ചം വരുന്ന ഭൂമി സര്‍ക്കാറിലേക്ക് നല്‍കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ഭൂ പരിഷ്‌കരണത്തിലൂടെ ഉദ്ദേശിക്കപ്പെട്ടത്. അവിഭക്ത സി.പി.എം 1957 ഏപ്രില്‍ 5 നു ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നശേഷം 1958 ല്‍ റവന്യു മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയാണ് ഭൂ പരിഷ്‌കരണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ആര് അധികാരത്തില്‍ വന്നാലും അവര്‍ക്ക് ഭൂ പരിഷ്‌കരണ നിയമം കൊണ്ടുവരേണ്ടിവരും എന്നതായിരുന്നു സാമൂഹിക സാഹചര്യം. 1958 ല്‍ ഗൗരിയമ്മ ബില്‍ കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കാന്‍ യോഗമുണ്ടായത് മുസ്‌ലിംലീഗിന് കൂടി പങ്കാളിത്തമുണ്ടായിരുന്ന 1970 ലെ അച്യുതമേനോന്‍ സര്‍ക്കാറിനായിരുന്നു.
ഒരു വ്യക്തി അയാള്‍ക്ക് അവകാശപ്പെട്ട സ്ഥലം സ്വേച്ഛപ്രകാരം, പ്രതിഫലം കൂടാതെ മറ്റൊരാള്‍ക്ക് എഴുതിക്കൊടുക്കുന്നതിനെയാണ് ഇഷ്ടദാനം എന്ന് പറയുന്നത്. മിച്ചഭൂമി സര്‍ക്കാരിന് നല്‍കേണ്ടിവരുമെന്ന് ഭയന്ന് മറ്റാരുടെയെങ്കിലും പേരില്‍ എഴുതിക്കൊടുത്ത് രക്ഷപ്പെടാനുള്ള അവസരം ഇഷ്ടദാനം വഴി ഉണ്ടാവാന്‍ പാടില്ല. എന്നാല്‍ ഭൂ പരിഷ്‌കരണത്തിന്റെ പേരില്‍ ഒരാള്‍ക്കും തന്റെ മക്കള്‍ക്കോ പേരമക്കള്‍ക്കോ ഭൂമി ദാനം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുന്നത് നീതിക്ക് ചേര്‍ന്നതുമല്ല. അതുകൊണ്ട് തന്നെ ഇഷ്ടദാനത്തിന്റെ അനിവാര്യതയും അതിലെ ചൂഷണവും എല്ലാവര്‍ക്കും നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. 1979 ല്‍ സി.എച്ച് ഉണ്ടാക്കിയ ആശയം എന്ന നിലക്കാണ് പലരും ഇഷ്ടദാനത്തെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ 1958 ല്‍ റവന്യൂ മന്ത്രി കെ.ആര്‍ ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ഭൂ പരിഷ്‌കരണ ബില്ലില്‍ തന്നെ ഇഷ്ടദാനം ഇടം പിടിച്ചിരുന്നു. 1964 ല്‍ പി.ടി ചാക്കോയും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ രണ്ടാമതും അവതരിപ്പിച്ച നിയമത്തിലും ഇഷ്ടദാനം ഉണ്ടായിരുന്നു. 69 ല്‍ ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ ‘സ്‌നേഹവാത്സല്യങ്ങളുടെ’ പേരില്‍ ആര്‍ക്കും ഇഷ്ടദാനം നല്‍കാം എന്ന് പ്രത്യേകം എഴുതിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ തോന്നിയ പോലെ ഇഷ്ടദാനം നല്‍കാമെന്ന അപാകത പരിഹരിക്കുന്നതിനും ഇഷ്ടദാനം ഇല്ലാത്ത കാരണത്താല്‍ നഷ്ടം സംഭവിക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇഷ്ടദാനത്തിന് കൃത്യമായ വ്യവസ്ഥയും ഭേദഗതിയും നിര്‍ണയിച്ചത് 1972 ല്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ അവതരിപ്പിച്ച ഭൂ പരിഷ്‌കരണ ഭേദഗതി ബില്ലിലൂടെയായിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും തന്നിമിത്തം 1974 ല്‍ കേരള ഹൈക്കോടതി ഇഷ്ടദാനം മൊത്തത്തില്‍ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
(തുടരും)