X

സി.എച്ച്: വസന്തം സൃഷ്ടിച്ചും സ്വയം വസന്തമായിത്തീര്‍ന്നും

ഡോ. എം.പി അബ്ദുസ്സമദ് സമദാനി

സി.എച്ച് മുഹമ്മദ് കോയ സാഹിബിനെപ്പറ്റി ഒട്ടേറെ എഴുതപ്പെടുകയും പറയപ്പെടുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിത സപര്യയെക്കുറിച്ചും വ്യക്തിത്വ ശോഭയെക്കുറിച്ചുമുള്ള വിശേഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒരു കുറവുമില്ല. പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങള്‍ നിറഞ്ഞ വ്യക്തിത്വ നിധിയായി അദ്ദേഹം ഇന്നും ജനമനസ്സില്‍ ജീവിക്കുന്നു.

മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സംസ്‌കാരം, സാഹിത്യം, ധര്‍മ്മം, നര്‍മ്മം… അങ്ങനെയുള്ള വിവിധ മേഖലകളും വിഷയങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളും കര്‍മ്മങ്ങളുംകൊണ്ട് നിര്‍ഭരമാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവിതം. അതെല്ലാം ചേര്‍ന്ന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഇമ്പം ചാര്‍ത്തിയിരിക്കുന്നു. അതിന്റേതായ മനോഹാരിതയും ‘സി.എച്ചിന്റെ കഥ’ക്ക് നല്‍കിയ വശ്യതയും ആകര്‍ഷണീയതയും കാലം കഴിയുംതോറും വര്‍ധിച്ചുവരുന്നതായാണ് നാം കാണുന്നത്.

ഈ മനോഹാരിതയുടെ നിര്‍മ്മിതിയില്‍ കോയാസാഹിബിന്റെ ജീവിത സൗന്ദര്യത്തിന്റെ മൂന്ന് സവിശേഷതകള്‍ മര്‍മ്മപ്രധാനമായ പങ്ക് വഹിക്കുകയുണ്ടായി. ആര്‍ദ്രത, കാല്‍പനികത, സര്‍ഗാത്മകത എന്നിവയാണാ മൂലകങ്ങള്‍. സി.എച്ചിന്റെ വ്യക്തിത്വഘടനയുടെ രൂപീകരണത്തില്‍, അതിന്റെ ഘടകങ്ങളായി നിലകൊണ്ട ഈ ചേരുവകള്‍ അതിനെ വശ്യമധുരമാക്കുംവിധം ചമല്‍ക്കരിക്കുകയും ചെയ്തു. അദ്ദേഹം വസന്തം സൃഷ്ടിക്കുക മാത്രമല്ല, സ്വയം വസന്തമായിത്തീരുകയും ചെയ്തു. വസന്തോത്സവമായിരുന്നു സി.എച്ച്. രാഷ്ട്രീയത്തിലും ഭരണരംഗത്തും പൊതുജീവിതത്തിലുമെല്ലാം സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ വിജയത്തിന് നിദാനം അദ്ദേഹത്തിന്റെ കൃത്യമായ യാഥാര്‍ത്ഥ്യബോധമായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാല്‍പ്പനികതയും സര്‍ഗാത്മകതയുമെല്ലാം സൂക്ഷ്മമായ ആ യാഥാര്‍ത്ഥ്യബോധത്തെ ക്ഷയിപ്പിക്കുകയല്ല, അഗാധവും ആര്‍ദ്രവുമാക്കുകയാണുണ്ടായത്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാനും സ്വാധീനിക്കാനും ഏറെ സാധ്യതയുള്ള ഊഷരതയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചതും നനവാര്‍ന്ന ഈ വ്യക്തിത്വ ഭാവങ്ങളായിരുന്നുവെന്ന് കാണാന്‍ കഴിയും. പലരുടെയും രാഷ്ട്രീയം സാംസ്‌കാരിക ഭൂതലങ്ങളില്‍നിന്ന് ഏറെ ദൂരം അകന്നുപോകുന്ന ഇക്കാലത്ത് ഈ സ്ഥിതിവിശേഷത്തിന് പ്രത്യേക പ്രസക്തിയുണ്ട്. സാംസ്‌കാരികരംഗത്തെ പുറത്തേക്ക് തേടിപ്പോകേണ്ട ആവശ്യംപോലും ഇല്ലാത്തവിധം സി.എച്ചിന്റെ രാഷ്ട്രീയത്തിന് സാംസ്‌കാരികമായ ഉള്ളടക്കവും വേരുകളുമുണ്ടായിരുന്നു.
ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടുകളെയുമെല്ലാം കോയ സാഹിബ് സമീപിച്ചതും സാംസ്‌കാരികപരമായ അഭിവീക്ഷണത്തോടെയായിരുന്നു. ജനാധിപത്യ സംവിധാനത്തെ കേവലം തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്നതായി കാണാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഷ്ട്രത്തിന്റെ വിഭവങ്ങളുടെയും ജനങ്ങള്‍ക്കായുള്ള അവസരങ്ങളുടെയും തുല്യമായ പങ്ക്‌വെപ്പായി ജനാധിപത്യത്തെ കാണാനും പ്രയോഗിക്കാനുമാണ് അദ്ദേഹം താല്‍പര്യപ്പെട്ടത്. അങ്ങനെ അദ്ദേഹത്തിന്റെ ജനാധിപ്യത്തില്‍ ജനങ്ങളുടെ അവസര സമത്വവും പിന്നാക്കക്കാരുടെ സംവരണവും അനിഷേധ്യമായ ഇടം നേടി. പിന്നാക്കംപോയവരെ സംബന്ധിച്ച നിര്‍വചനത്തിലാകട്ടെ, എല്ലാ പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടുകയും ചെയ്തു.

അതുപോലെ മതേതരത്വം എന്നത് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തലമുറകളായി ജനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന സാമുദായിക സൗഹൃദത്തിന്റെ രാഷ്ട്രീയ രൂപമായി കണ്ടു സി.എച്ച്. അതിന്റെ അനിവാര്യത രാഷ്ട്രീയത്തിന്റേതും ഭരണക്രമത്തിന്റേതും മാത്രമല്ല, സമൂഹത്തിന്റെതും സംസ്‌കൃതിയുടേതുമായിത്തീര്‍ന്നു. എന്നാല്‍ സാമൂഹികമായ വ്യവഹാരങ്ങളുടെ ദിശ നിയന്ത്രിക്കുകയും രാഷ്ട്രത്തിന്റെ സ്വഭാവവും പ്രകൃതവും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും മതേതരമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും ഈ വീക്ഷണത്തില്‍ അടങ്ങിയിരിക്കുന്നു.
രാഷ്ട്രീയത്തിന്റെ സാംസ്‌കാരികമായ ഭൂമികയെ പ്രത്യേകം പരിഗണിക്കുന്ന ഈ രീതിശാസ്ത്രത്തിന് മതേതരത്വത്തിന്റെ ഇന്ത്യന്‍ വിവക്ഷയാണ് സ്വാഭാവികമായും സ്വീകാര്യയോഗ്യമായിത്തീര്‍ന്നത്. അതായത് മതേരത്വം എന്നാല്‍ മതത്തിന്റെ നിരാസമല്ല, മതപരവും സാമുദായികവുമായ സഹവര്‍ത്തിത്വമാണത്. ഭരണകൂടം മതമുക്തമായിരിക്കുകയും സര്‍വ മതങ്ങളുടെയും വിശ്വാസികളും അനുയായികളും പരസ്പരം മാനിച്ചുകൊണ്ട് സൗഹൃദത്തിലും സാഹോദര്യത്തിലും ഒന്നിച്ചുകഴിയുകയും ചെയ്യുന്ന സാമൂഹികാവസ്ഥയാണത്.

ഈ ദൃശ മഹിതത്വങ്ങളെ തന്റെ കര്‍മ്മമണ്ഡലത്തില്‍ അന്വര്‍ത്ഥവും സാര്‍ത്ഥകവുമാക്കിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിന്റെയെല്ലാം മിശ്രിതമായ പ്രതീകമായി പരിണമിച്ചു. മതത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ അദ്ദേഹം മതേതരത്വത്തിന്റെ ശക്തമായ വക്താവും പ്രയോക്താവുമായി. ഒന്നിനുവേണ്ടി മറ്റൊന്നിനെ കയ്യൊഴിക്കേണ്ടതില്ലാത്തവിധം അദ്ദേഹം രണ്ടിനെയും പരസ്പരപൂരകമായി സമന്വയിപ്പിച്ചു.

സി.എച്ച് എന്നാല്‍ സുന്ദരവും സുശക്തവുമായ ഒരോര്‍മ്മകൂടിയാണ്. സമൂഹത്തിന്റെ സ്മൃതിയാണല്ലോ ചരിത്രം. ചരിത്രത്തിന്റെ കരുത്തും അഴകുമെല്ലാം സി.എച്ച് എന്ന മഹിത സ്മൃതിയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

സി.എച്ചിനോട് ബന്ധപ്പെടാന്‍ അവസരം ലഭിച്ചവരുടെയൊന്നും മനസ്സില്‍ നിന്നും ആ ഓര്‍മ്മയുടെ വര്‍ണ്ണപ്രപഞ്ചം ഒരിക്കലും മാഞ്ഞുപോകുകയില്ല. കോയ സാഹിബ് ചീഫ് എഡിറ്ററായ പത്രത്തില്‍ പ്രവര്‍ത്തിക്കാനാണ് ഈ ലേഖകന്‍ എം.എ കഴിഞ്ഞ് നേരെ ചന്ദ്രികയില്‍ ജോലിയില്‍ ചേരുകയുണ്ടായത്. പ്രശസ്തിയോ പ്രസിദ്ധിയോ ഇല്ലാത്ത ഒരു പയ്യന്റെ ലേഖനം വായിച്ച് അഭിനന്ദിക്കാന്‍ അദ്ദേഹം ഒരിക്കല്‍ ചന്ദ്രികയില്‍ വന്നു ഈ എളിയവനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ രോമാഞ്ചം ഇപ്പോഴും ഈ ദേഹത്തിലുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹത്തെ കാണാനുള്ള കൗതുകത്താല്‍ ആര്‍ത്തിപൂണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്കുള്ള വണ്ടിയില്‍ അദ്ദേഹം കയറിയ കമ്പാട്ട്‌മെന്റിലേക്ക് ഓടിക്കയറിയതിന്റെ കുറ്റബോധവും ഇപ്പോഴും മനസ്സിലുണ്ട്. (അത് അപമര്യാദയായോ എന്ന തോന്നലിന്റെ കുറ്റബോധം). പക്ഷേ അദ്ദേഹം പുഞ്ചിരിച്ച് സ്വീകരിച്ചു. പ്രിയപ്പെട്ട മുനീര്‍ സാഹിബിന്റെ ഉമ്മ, സി.എച്ചിന്റെ ജീവിതത്തില്‍ അവസാനം വരെ നിഴലായി ഒപ്പം സഞ്ചരിച്ച ആമിനത്ത ഭക്ഷണം എടുത്തുകൊടുക്കുകയായിരുന്നു. (അവര്‍ നിര്യാണം പ്രപിച്ചപ്പോള്‍ അവരെപ്പറ്റി ഒരു ലേഖനം തന്നെ എഴുതിയതായി ഓര്‍ക്കുന്നു) എന്നെയും ഭക്ഷണത്തിന് ക്ഷണിച്ചു. വണ്ടി ഇളകുത്തുടങ്ങുന്നുണ്ടായിരുന്നു. സി.എച്ചിനെ കണ്ട തൃപ്തിയില്‍ മനം നിറഞ്ഞ എനിക്ക് മറ്റൊരു ആഹാരവും ആവശ്യമില്ലായിരുന്നു. യാത്ര ചോദിച്ച് പെട്ടെന്ന് വണ്ടിയില്‍ നിന്നിറങ്ങി.

യൂത്ത് ലീഗിന്റെ സോളിഡാരിറ്റി ദിനാചരണത്തിന്റെ തിരുവനന്തപുരത്തെ സമ്മേളനത്തിന് ഉദ്ഘാടകനായി സി.എച്ച് മുഹമ്മദ് കോയ സാഹിബിനെയും പ്രഭാഷകനായി എന്നെയുമാണ് സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിരുന്നത്. അന്ന് ഈ എളിയവന്റെ പ്രസംഗത്തെപ്പറ്റി വലിയ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. അതായിരുന്നു എപ്പോഴും സി.എച്ചിന്റെ വലിയ മനസ്സ്. മലയാളം കണ്ട മഹാവാഗ്മിയുടെ ആ വാക്കുകള്‍ അമൂല്യമായൊരു ബഹുമതിയായി അന്നും ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. അന്ന് വീട്ടിലേക്ക് ഭക്ഷണത്തിന് കോയ സാഹിബ് ക്ഷണിച്ചു. ഉപമുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ഭക്ഷണത്തില്‍ കഞ്ഞിയും അടങ്ങിയിരിക്കുന്നു. കഞ്ഞി കുടിക്കുന്നതിനിടയില്‍ പൊടുന്നനെ അദ്ദേഹം ചോദിച്ചു: ‘അബുസ്സബാഹിന്റെ കൈകളില്‍ മുറിവിന്റെ പാടുകളുണ്ടായിരുന്നു. അതെങ്ങനെ സംഭവിച്ചതാണെന്നറിയാമോ?’ അറിയില്ലെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അത് ഉത്തരേന്ത്യന്‍ വാസക്കാലത്ത്‌സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തപ്പോള്‍ സംഭവിച്ചതായിരുന്നു’. പിന്നെ അധികമാരും അറിയാത്ത ആ ചരിത്രം അദ്ദേഹം വിശദീകരിച്ചുതന്നു. പിന്നീട്, അബുസ്സബാഹ് സ്ഥാപകനായ ഫാറൂഖ് കോളജ് കാമ്പസില്‍ റൗളത്തുല്‍ ഉലൂം അറബിക് കോളജിന്റെ യൂനിയന്‍ ഉദ്ഘാടനത്തിന് ഈ ലേഖകന്‍ ക്ഷണിച്ച് അദ്ദേഹം വന്നു, രാജാവിനെ പോലെ, അല്ല ഒരു മുകള്‍ ചക്രവര്‍ത്തിയെ പോലെ, ഭക്ഷണവും ഉച്ചക്കുശേഷവുമുള്ള അല്‍പ സമയത്തെ വിശ്രമവും അബുസ്സബാഹിന്റെ വീട്ടിലായിരുന്നു.

വസന്തം വിടപറഞ്ഞ കദന ദിനം. വസന്തം പല തവണ ഒഴുകിയെത്തിയ കോളജിന്റെ രാജാ ഗെയ്റ്റിനുമുന്നില്‍, ആ ദുഃഖ വാര്‍ത്ത അറിഞ്ഞ ഉടനെ ഒരനുശോചനയോഗം നടന്നു. അതില്‍ സംസാരിക്കവേ പൊടുന്നനെ കണ്ണ് നിറഞ്ഞൊഴുകി, അന്ന് ലക്ഷോപലക്ഷം ജനങ്ങളെ പോല. അന്നും ഇന്നും ആ വലിയ മനുഷ്യന്റെ ഓര്‍മ്മകളില്‍ അസംഖ്യം പേരുടെ കണ്ണുകള്‍ നിറയുന്നു, അദ്ദേഹം വിടപറഞ്ഞ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും.

 

 

 

Test User: