പി.എം മൊയ്തീന്‍ കോയ
കോഴിക്കോട്
രോഗം ബാധിച്ചും അത്യാഹിതങ്ങള്‍ സംഭവിച്ചും മലബാറിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിദഗ്ധ ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നവരില്‍ പാവപ്പെട്ടവരെ ഉദാരമതികളുടെ സഹായത്തോടെ വിവിധങ്ങളായ നിലക്ക് സി.എച്ച് സെന്റര്‍ സഹായങ്ങള്‍ ചെയ്യുമ്പോള്‍ അത് നടപ്പില്‍ വരുത്തുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാരുടെ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു.
നാട്ടിലും വിദേശത്തുമുള്ള ആളുകള്‍ അംഗങ്ങളായ നാല് വാട്‌സപ്പ് ഗ്രൂപ്പുകള്‍ സെന്ററിന് നിലവിലുണ്ട്. ഒ.പി യിലും, അത്യാഹിത വിഭാഗത്തിലും, വാര്‍ഡുകളിലുമുള്ള രോഗികള്‍ക്ക് സഹായങ്ങള്‍ ചെയ്യാനും അവരുടെ സ്ഥിതി വിവരങ്ങള്‍ അറിയാനും വാട്‌സ് ആപ്പിലൂടെ മെസ്സേജുകള്‍ വോളിന്റിയര്‍ സംഘം ജാഗരൂകരാണ്.
പെട്ടെന്നുള്ള അപകടങ്ങളെത്തുടര്‍ന്ന് ബന്ധുക്കളുടെ അഭാവം മൂലം ദൂര ദിക്കുകളില്‍ നിന്ന് വരുന്നവര്‍ക്ക് ഇസിജി, എസ്‌ക്‌റേ, ലാബ്, സ്‌കാന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത് സി.എച്ച് സെന്ററിന്റെ വോളിന്റിയര്‍മാര്‍ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നു. അപായത്തില്‍ പെടുന്നവരുടെ ബന്ധുക്കള്‍ അത്യാഹിത വിഭാഗത്തില്‍ വന്നു ഇവരെ ഏറ്റെടുക്കും വരെയുള്ള സേവനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.ആശുപത്രിയില്‍ മരണങ്ങള്‍ ഉണ്ടാവുന്ന സമയത്ത് മൃതദേഹങ്ങള്‍ വിട്ടുകിട്ടാനുള്ള പേപ്പര്‍ വര്‍ക്കുകള്‍, ആംബുലന്‍സ് ശരിയാക്കല്‍ തുടങ്ങിയവ വോളിന്റിയര്‍മാര്‍ ചെയ്ത് കൊടുക്കുന്നുണ്ട്.
മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മൃതദേഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യവും സെന്ററിന്റെ വോളിന്റിയര്‍മാര്‍ ചെയ്തുവരുന്നു.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടതായ കേസുകളില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍, കുളിപ്പിക്കല്‍, ആംബുലന്‍സ് വിളിച്ചു നാട്ടിലേക്ക് അയക്കല്‍ തുടങ്ങി ഏറെ സ്തുത്യര്‍ഹമായ സേവനങ്ങളാണ് വോളന്റിയര്‍മാര്‍ നല്‍കിവരുന്നത്..
നിപ്പയും കോവിഡുമുണ്ടായപ്പോള്‍ സ്വന്തം ബന്ധുക്കള്‍ പോലും അടുക്കാന്‍ പറ്റാതെ പകച്ചുനിന്ന ഘട്ടത്തില്‍ മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചുനല്‍കി. സ്വന്തം ജീവന്‍ പോലും പണയം വെച്ച് സേവനത്തിനു ഉണ്ടായത് സി.എച്ച് സെന്ററിന്റെ വോളിന്റിയര്‍മാരാണ്.അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്ക് രക്തം നല്‍കാനും ആശുപത്രികളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും ആശുപത്രി വാര്‍ഡ് നവീകരണങ്ങളിലും സി.എച്ച് സെന്റര്‍ വോളന്റിര്‍മാര്‍ സജീവമാണ്.
പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വിമാന അപകടം തുടങ്ങിയ ദുരന്ത വേളകളിലും സി.എച്ച് സെന്റര്‍ വോളന്റിയര്‍മാര്‍ സേവനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. റമസാനില്‍ ഇഫ്താര്‍, അത്താഴ ഭക്ഷണ വിതരണവും സജീവമായി നടന്നുവരുന്നു. ഓളോങ്ങല്‍ ഹുസൈന്‍ ചെയര്‍മാനും ബപ്പന്‍കുട്ടി നടുവണ്ണൂര്‍ കണ്‍വീനറും വെള്ളിപറമ്പ് പി.എന്‍.കെ അഷ്‌റഫ് ഡയരക്ടറും, കാരന്തൂര്‍ പി.സി കാദര്‍ ഹാജി കോഡിനേറ്ററുമായ കമ്മിറ്റിയാണ് വോളന്റിയര്‍ വിങ്ങിന് ചുക്കാന്‍ പിടിക്കുന്നത്.