X

സി.എച്ച്.സെന്റര്‍ സ്‌നേഹ സംഗമം നാളെ

കോഴിക്കോട്: മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്ന രോഗികളില്‍ പാവപ്പെട്ടവരെ വിവിധങ്ങളായ നിലക്ക് സഹായിച്ച് വരുന്ന സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ (ശനി) ഉച്ചക്ക് രണ്ടിന് സി.എച്ച് സെന്റര്‍ പുതിയതായി വാങ്ങിയ കെട്ടിടത്തിനടുത്ത് സജീകരിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.എം.എ സലാം, കെ.എം ഷാജി, പി.കെ ഫിറോസ്, പ്രിന്‍സിപ്പല്‍ ഡോ. ഇ.വി ഗോപി എന്നിവര്‍ സംബന്ധിക്കും.

സ്‌നേഹ സംഗമത്തില്‍ മലബാറിലെ ജില്ലാ മണ്ഡലം ലീഗ് ഭാരവാഹികള്‍, പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിമാര്‍, സി.എച്ച് സെന്റര്‍ മണ്ഡലം, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുക്കേണ്ടത്. സംഗമത്തില്‍ വെച്ച് സി.എച്ച് സെന്റര്‍ ആരംഭിക്കുന്ന മൂന്ന് പദ്ധതികള്‍ക്ക് തുടക്കമാവും. കരുതലാണ് കാവല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് വേണ്ടി ഒരു കോടി രൂപ ചെലവില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റ്, ഒന്നരക്കോടി രൂപ ചെലവില്‍ 34 സ്ലൈഡ് ആധുനിക സി.ടി സ്‌കാന്‍ യൂണിറ്റ്, പീഡിയാട്രിക് ഫിസിയോ തെറാപ്പി സെന്റര്‍ എന്നിവയാണ് ആരംഭിക്കുന്നത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡണ്ട് കെ.പി കോയ ഹാജി, ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. വിശുദ്ധ റമസാന് മുന്നോടിയായി പതിവു പോലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇഫ്താറും അത്താഴവും ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളാണ് സി.എച്ച് സെന്ററില്‍ സജ്ജീകരിക്കുന്നത്.

webdesk11: