X

കാരുണ്യത്തിന്റെ കയ്യൊപ്പുമായി സി.എച്ച് സെന്റര്‍ 21 വര്‍ഷം പിന്നിടുന്നു

ആതുര സേവന രംഗത്ത് കാരുണ്യത്തിന്റെ കയ്യൊപ്പുമായി കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് സ്ഥാപിതമായ സി എച്ച് സെന്റര്‍ 21 വര്‍ഷം പിന്നിടുന്നു. 2001 സപ്തംബര്‍ ആറിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടക്കം കുറിച്ച സി എച്ച് സെന്റര്‍ ജാതി- മത രാഷ്ട്രീയ വ്യത്യാസമില്ലാതെ പതിനായിരക്കണക്കിന് രോഗികള്‍ക്കാണ് വിവിധങ്ങളായ സഹായങ്ങള്‍ നല്‍കി വരുന്നത്. മലബാറിന്റെ നാനാഭാഗങ്ങളില്‍നിന്നും നിന്നും വിദഗ്ധ ചികിത്സ തേടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് ഇത് ഏറെ അനുഗ്രഹമായി മാറി.

സൗജന്യ മരുന്ന്, രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഭക്ഷണം, റംസാനില്‍ നോമ്പുതുറ- അത്താഴ ഭക്ഷണം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും രോഗികളുടെ മുഴുവന്‍ കൂട്ടിരുപ്പുകാര്‍ക്കും പെരുന്നാള്‍ ഭക്ഷണം, ചികിത്സാസഹായം, വളണ്ടിയര്‍ സേവനം, രക്തദാനം, മയ്യത്ത് പരിപാലനം, ആംബുലന്‍സ് സര്‍വീസ്, തീര്‍ത്തും സൗജന്യമായ ഡയാലിസിസ്, മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിവിധങ്ങളായ സജ്ജീകരണങ്ങള്‍, കോവിഡ് രോഗികള്‍ക്കും ഐസോലേഷന്‍ വാര്‍ഡുകളിലും സഹായങ്ങള്‍, ദൂര ദിക്കുകളില്‍ നിന്നും വരുന്നവര്‍ക്ക് താമസ സൗകര്യത്തിന് ഡോര്‍മെറ്ററി കെട്ടിടം എന്നിവക്ക് പുറമേ പാലിയേറ്റീവ് പരിചരണ പരിശീലന രംഗത്തും സി.എച്ച്.സെന്റര്‍ പ്രവര്‍ത്തന സജ്ജമായിരിക്കയാണ്.

രാത്രി കാലത്തും ഡോക്ടറുടെ സാന്നിധ്യമുള്ള പാലിയേറ്റീവ് പരിചരണവും പരിശീലനവും കൂടി വന്നതോടെ പുതിയൊരു അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് സെന്റര്‍. ഡോ: എം.എ. അമീറലിയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് പരിചരണവും പരിശീലനവും ആധുനിക സൗകര്യത്തോടെ കൂടി പൂക്കോയതങ്ങള്‍ ഹോസ്പിസ് എന്ന പദ്ധതി നടപ്പിലാക്കി വരികയാണ് . ഉരുള്‍പൊട്ടല്‍, പ്രളയ ദുരന്തങ്ങള്‍, വിമാന അപകടം, നിപ എന്നീ സംഭവങ്ങളിലൊക്കെ സെന്ററിന്റെ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സി എച്ച് സെന്റര്‍ സഹായം മാത്രം പ്രതീക്ഷിച്ച് കഴിയുന്ന നിരവധി രോഗികള്‍ കിടത്തിച്ചികിത്സ തേടുമ്പോള്‍ സഹായം തേടി വരുന്ന ആരെയും മടക്കി അയക്കാതെ ഒരു ചെറു കിരണങ്ങള്‍ എങ്കിലും ലഭ്യമാക്കുവാന്‍ ശ്രമിക്കുകയാണ് കെ .പി കോയ ഹാജി പ്രസിഡണ്ടും എം .എ റസാഖ് മാസ്റ്റര്‍ സെക്രട്ടറിയും ടി.പി മുഹമ്മദ് ഹാജി ട്രഷററും ഇബ്രാഹിം എളേറ്റില്‍ പ്രോജക്ട് ചെയര്‍മാനുമായ കമ്മിറ്റി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് സി.എച്ച് സെന്റര്‍ സ്ഥാപിതമായത്. തിരുവനന്തപുരത്ത് ആര്‍സിസി കേന്ദ്രീകരിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തിലും ചൂലൂരില്‍ എം.വി. ആര്‍ കാന്‍സര്‍ സെന്ററിനോടനുബന്ധിച്ചുള്ള സി. എച്ച് സെന്ററുകളുടെ പ്രവര്‍ത്തനം എടുത്തു പറയേണ്ടവയാണ്.

Test User: