കോഴിക്കോട്: മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ ദിനാചരണം അടുത്ത വെള്ളിയാഴ്ച. കാരുണ്യ പ്രവര്‍ത്തന മേഖലയിലെ വിശ്വോത്തര മാതൃകയായ സി.എച്ച് സെന്ററിനെ ചേര്‍ത്തു പിടിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഡോ.എം.കെ മുനീര്‍ എം.എല്‍.എയും വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. നേതാക്കളുടെ ഓര്‍മകള്‍ക്ക് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ സ്മാരകം പണിയുകയാണ് മുസ്്‌ലിംലീഗ് ചെയ്യുന്നത്.
21 വര്‍ഷമായി ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്റര്‍. ബാഫഖി തങ്ങളുടെ നാമധേയത്തില്‍ ഉള്ള ബില്‍ഡിംഗില്‍ അത്യാധുനിക സംവിധാനങ്ങളോടെ ആഞ്ചിയോ, സി.ടി ഉള്‍പ്പടെയുള്ള ഡയഗ്‌നോസ്റ്റിക് സെന്റര്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റോടു കൂടി രോഗ നിര്‍ണയവും ബോധവത്കരണവും നടത്തുന്ന കരുതലാണ് കാവല്‍ കാമ്പയിന്‍, ശാരീരിക മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുള്ള റിഹാബിലിറ്റേഷന്‍ എന്നിവ സെന്ററിന്റെ വരും വര്‍ഷത്തേക്കുള്ള പ്രധാന പദ്ധതികളാണ്. സംസ്ഥാന മുസ്‌ലിം ലീഗിന്റെ നിര്‍ദേശ പ്രകാരം സി.എച്ച് സെന്റര്‍ ഏറ്റെടുത്ത പാലിയേറ്റീവ് വിംഗ്, പൂക്കോയ തങ്ങള്‍ ഹോസ്പിസ് എന്ന പേരില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഒരു വര്‍ഷം കൊണ്ട് നടത്തിയിട്ടുള്ളത്. ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നിര്‍ദേശിക്കും വിധം പരിശീലനം ലഭിച്ച രണ്ടായിരത്തിലധികം വളണ്ടിയര്‍മാരുടെയും നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഹോം കെയര്‍ യൂണിറ്റ് സ്ഥാപിച്ച് അയ്യായിരത്തോളം രോഗികളെ പരിചരിച്ച് വരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്നും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സി.എച്ച് സെന്ററിന്റെ സഹായ സേവന പദ്ധതികള്‍ വ്യാപിപ്പിക്കുവാനും പദ്ധതികളുണ്ട്.
റമസാന്‍ പ്രമാണിച്ച് ആയിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണവും ആയിരത്തിലധികം പേര്‍ക്ക് അത്താഴവും സൗജന്യമായി നല്‍കി വരുന്നു. മെഡിക്കല്‍ കോളേജിലെ വിദ്യര്‍ത്ഥികളെയും ജീവനക്കാരെയും പ്രധാനമായും ഉദ്ധേശിച്ച് കൊണ്ട് അഞ്ഞൂറോളം പേര്‍ക്ക് ഇരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യവും ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം സഹോദര സമുദായത്തിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുള്ള ഭക്ഷണ വിതരണം പതിവ് പോലെ നടക്കുന്നു.ഒന്നര കോടിയോളം രൂപയുടെ സൗജന്യ മരുന്നുകളും അത്ര തന്നെ തുകക്കുള്ള സൗജന്യ ഡയാലിസിസ് സേവനവും അടക്കം ഭീമമായ സംഖ്യയാണ് ഓരോ വര്‍ഷവും സെന്റര്‍ ചിലവഴിച്ച് കൊണ്ടിരിക്കുന്നത്.
റമസാനിലെ രണ്ടാം വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് സമാഹരണമാണ് സി.എച്ച് സെന്ററിന്റെ പ്രധാന ധനാഗമ മാര്‍ഗമങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള മുഴുവന്‍ ആളുകളുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്നും മുനവ്വറലി തങ്ങളും എം.കെ മുനീറും ആവശ്യപ്പെട്ടു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ, ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ട്രഷറര്‍ ടി.പി മുഹമ്മദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍, മുസ്്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി ഇബ്രാഹീം കുട്ടി, സി.എച്ച് സെന്റര്‍ ഭാരവാഹികളായ മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ അഷ്‌റഫ്, സഫ അലവി, മരക്കാര്‍ ഹാജി, ഒ. ഹുസയിന്‍, മാനേജര്‍ അബ്ദുറഹിമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.