X
    Categories: More

സി.എച്ചും ചന്ദ്രികയും നിറഞ്ഞ തലസ്ഥാന സായാഹ്നം

സി.എച്ച് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാജ്ദീപ് സര്‍ദേശായി ഏ.കെ ആന്റണിയുമായി സൗഹൃദ സംഭാഷണത്തില്‍. കേരളാ ഹൗസ് റസിഡന്‍ഡ് കമ്മീഷണര്‍ ബിശ്വാസ് മേത്ത സമീപം

ന്യൂഡല്‍ഹി: ചന്ദ്രിക മുന്‍ മുഖ്യപത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയയുടെ സമ്പന്നമായ സ്മരണകളാല്‍ സമൃദ്ധമായിരുന്നു വെള്ളിയാഴ്ച്ച രാജ്യ തലസ്ഥാനം. കാലിക്കറ്റ് പ്രസ് ക്ലബും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജര്‍ണലിസം ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് ദേശീയ മാധ്യമ പുരസ്‌ക്കാരദാനം ഉപരാഷ്ട്രപതി ഭവനില്‍ നടന്നപ്പോള്‍ സംസാരങ്ങളില്‍ നിറയെ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്നു. ഉപരാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ സംസാരിച്ചവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് സി.എച്ച് എന്ന രണ്ടക്ഷരത്തെക്കുറിച്ചായിരുന്നു.

 

ആറാമത് സി.എച്ച് പുരസ്‌ക്കാരം ടൈംസ് ഓഫ് ഇന്ത്യ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ സാഗരിഗാ ഘോഷ്, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച നീന വ്യാസ്, ചന്ദ്രിക ചീഫ് എഡിറ്ററായിരുന്ന ടി.പി ചെറൂപ്പ, മനോരമ ചാനല്‍ ന്യൂസ് ഡയരക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ക്ക് സമ്മാനിക്കാനെത്തിയ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദീകരിച്ചാണ് സി.എച്ച് മുഹമ്മദ് കോയ എന്ന മുഖ്യപത്രാധിപരുടെ ശക്തമായ തൂലികയെക്കുറിച്ച് വാചാലനായത്. ചടങ്ങിന്റെ മുഖ്യാതിഥിയായി സ്വാഗതം പറഞ്ഞപ്പോള്‍ തന്റെ വസതിയില്‍ താന്‍ അതിഥിയോ എന്ന് സരസമായി പ്രതികരിച്ചായിരുന്നു ഡോ.ഹാമിദ് അന്‍സാരി സംസാരം തുടങ്ങിയത്.

 

മഹാത്മാഗാന്ധിജിയായിരുന്നു രാജ്യം കണ്ട മികച്ച പത്രാധിപ പ്രതിഭ. എന്നാല്‍ കേരളം പോലെ ചെറിയ സംസ്ഥാനത്തിന്റെ രാഷ്ട്രീയ, സാമുഹ്യ, സാംസ്‌കാരിക ചിത്രങ്ങളെ പഠിക്കാനും തന്റെ തൂലിക വഴി നാടിനും സമുഹത്തിനുമായി വിട്ടുവീഴ്ച്ചയില്ലാതെ പ്രവര്‍ത്തിക്കാനും കഴിഞ്ഞത് വഴിയാണ് സി.എച്ചിലെ മാധ്യമ പ്രതിഭയെ ചരിത്രം വായിച്ചെടുക്കുന്നത്. സാഗരിഗാഘോഷും നീന വ്യാസും ഉത്തരേന്ത്യന്‍ മാധ്യമ പ്രവര്‍ത്തന ലോകത്തുള്ളവരായിട്ടും സി.എച്ചിനെ മകന്‍ മൂനിറിലൂടെയാണ് തങ്ങള്‍ പഠിച്ചതെന്നായിരുന്നു പറഞ്ഞത്. ചടങ്ങില്‍ സംബന്ധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഏ.കെ ആന്റണിക്ക് സി.എച്ച് എന്നാല്‍ ഉറ്റമിത്രമായിരുന്നു.

 

2008 ല്‍ സി.എച്ച് പുരസ്‌ക്കാരം സ്വന്തമാക്കിയ രാജ്ദീപ് സര്‍ദേശായി കുടുംബ സമേതമാണ് ഭാര്യ സാഗരിഗയുടെ നേട്ടത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. പ്രാദേശിക മാധ്യമ പ്രവര്‍ത്തനത്തിന്റെ കരുത്ത് ഭരണതലത്തിലേക്ക് വ്യാപിപ്പിക്കുക മാത്രമല്ല ഏത് ഭരണാധികാരിക്കും നല്ല മാധ്യമ പ്രവര്‍ത്തകനായി ഇരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് സി.എച്ചെന്ന് സര്‍ദേശായി പറഞ്ഞു.സാധാരണക്കാരനായ പത്രാധിപ പ്രതിഭയായിരുന്നു സി.എച്ചെന്ന് അധ്യക്ഷനായിരുന്ന ചന്ദ്രിക ഡയരക്ടര്‍ ഡോ.പി.എ ഇബ്രാഹീം ഹാജി പറഞ്ഞപ്പോള്‍ പിതാവിന്റെ വഴിയില്‍ അഭിമാനത്തോടെയാണ് സഞ്ചരിക്കുന്നതെന്ന് ചന്ദ്രിക ഡയരക്ടറായ ഡോ.എം.കെ മുനീര്‍ പറഞ്ഞു.
ഭയമെന്നത് സി.എച്ചിന് അറിയാത്ത വികാരമായിരന്നുവെന്ന് സ്വാഗതം പറഞ്ഞ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ പറഞ്ഞു. മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് തല ഉയര്‍ത്തി പറയാവുന്ന നാമമാണ് സി.എച്ചിന്റേതെന്ന് പ്രസ് ക്ലബ് സെക്രട്ടറിയും മാധ്യമം ന്യൂസ് എഡിറ്ററുമായ എന്‍.രാജേഷ് പറഞ്ഞു. ട്രസ്റ്റ് അംഗം പി.എ ഹംസ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് അഹമ്മദ് സാജു, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ.ഹാരിസ് ബീരാന്‍ തുടങ്ങിയവര്‍ 45 മിനുട്ട് ദീര്‍ഘിച്ച പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

chandrika: