X
    Categories: MoreViews

ഉവൈസിയുടെ നീക്കം ബി.ജെ.പിക്കു വേണ്ടി; എസ്.ഡി.പി.ഐയുടെ ലക്ഷ്യം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കല്‍: സിഫോര്‍ സി.ഇ.ഒ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്‌കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി ഫോര്‍ കര്‍ണാടകയിലുടനീളം നടത്തിയ തെരഞ്ഞെടുപ്പ് സാധ്യതാ സര്‍വേ കോണ്‍ഗ്രസിന്റെ വ്യക്തമായ വിജയം പ്രവചിച്ചിരുന്നു. വന്‍തോതില്‍ പണം ചെലവഴിച്ച് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി, കോണ്‍ഗ്രസ് വോട്ടില്‍ പരമാവധി വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യമെന്നും എസ്.ഡി.പി.ഐ, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരുടെ ലക്ഷ്യവും മുസ്‌ലിം വോട്ട്ബാങ്കില്‍ വിള്ളലുണ്ടാക്കുകയാണെന്ന് ‘നാഷണല്‍ ഹെറാള്‍ഡി’ന് നല്‍കിയ അഭിമുഖത്തില്‍ പ്രേംചന്ദ് പാലെറ്റി പറയുന്നു.

‘മുസ്‌ലിം-ദളിത് വോട്ടുകള്‍ സ്വാഭാവികമായും കോണ്‍ഗ്രസിന് ലഭിക്കാനാണ് സാധ്യത. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പി ശക്തമായ ശ്രമം നടത്തുന്നുണ്ട്. പ്രചരണത്തില്‍ ധാരാളം പണം ചെലവഴിക്കപ്പെടുന്നുവെന്നും ദരിദ്രരായ ദളിതരെ പണംനല്‍കി സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നുമാണ് ഞാന്‍ കേള്‍ക്കുന്നത്. എസ്.ഡി.പി.ഐയും ജെ.ഡി.എസ്സിനെയും പോലെ അവരും മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയും ജെ.ഡി.എസ്സും സഖ്യത്തിലെത്താനുള്ള സാധ്യതയുമുണ്ട്.’ പ്രേംചന്ദ് പറയുന്നു.

അസദുദ്ദീന്‍ ഉവൈസി ജെ.ഡി.എസ്സിന് പിന്തുണ പ്രഖ്യാപിച്ചത് ബി.ജെ.പിയുടെ അറിവോടെയാണെന്നും തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കി ഭരിക്കാന്‍ ബി.ജെ.പി ശ്രമിക്കുമെന്നും പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പിയുമായി ഒരു ഘട്ടത്തിലും സഖ്യമുണ്ടാക്കില്ലെന്ന് ദേവെ ഗൗഡ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ സ്വാധീനമുള്ള അദ്ദേഹത്തിന്റെ സഹോദരന്‍ കുമാരസ്വാമി ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. സാഹചര്യം ഒത്തുവന്നാല്‍ ജെ.ഡി.എസ് ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്ന് ന്യായമായും സംശയിക്കാം. – പ്രേംചന്ദ് ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ 120 മുതല്‍ 130 വരെ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്താനുള്ള സാഹചര്യമാണുള്ളതെന്ന് സിഫോര്‍ സര്‍വേ പറയുന്നു. ബി.ജെ.പിക്ക് 60 മുതല്‍ 70 വരെയും ജെ.ഡി.എസ്സിന് 20 മുതല്‍ 30 വരെയും സീറ്റുകള്‍ ലഭിക്കും. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയുമാണ് സിഫോര്‍ സര്‍വേ നടത്തിയതെന്നും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന സര്‍വേ ഫലത്തിന്റെ സാധുതയില്‍ സംശയമുണ്ടെന്നും പ്രേംചന്ദ് പാലെറ്റി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: