രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെ ജീവന്‍ ഭരണകക്ഷിയായ ബി.ജെ.പി അപകടത്തിലാക്കുന്നത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഭീഷണികളില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ജയറാം രമേശിന്റെ തുറന്ന കത്ത്.
പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കിയതില്‍ കോണ്‍ഗ്രസ് ഞെട്ടിയെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ പുലര്‍ത്തുന്ന പ്രധാനമന്ത്രിയുടെ നിലപാടും മൗനവും ഭീഷണിയാണെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ നേതാക്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നതിന് മുന്നോടിയായി, നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ആദ്യം ചിന്തിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് നിങ്ങളുടെ പൂര്‍വികരാണെന്നും ജയറാം രമേശ് കേന്ദ്രത്തോട് പറഞ്ഞു.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി മുന്നിട്ടിറങ്ങിയവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഈ പ്രതിബദ്ധത ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടി നിലകൊണ്ടവരാണ് തങ്ങള്‍. കോണ്‍ഗ്രസ് അനുയായികള്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണെന്നും ജയറാം രമേശ് പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൂടെ വിദ്വേഷം, വര്‍ഗീയത, വൈരാഗ്യം തുടങ്ങിയവയുടെ മാസ്റ്റര്‍ ക്ലാസുകള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ കൂട്ടാളികള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതില്‍ അതിശയിക്കാനില്ലെന്നും ജയറാം രമേശ് പരിഹസിച്ചു. ഗൗരവമായ ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിയുന്നില്ല, ജെ.പി. നദ്ദയിലൂടെ മറുപടി നല്‍കിയ നീക്കം അഹങ്കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന് ലഭിച്ച മുഴുവന്‍ കത്തുകള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയിരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രാറ്റ്‌സുകളെയും ജനങ്ങളെയും അദ്ദേഹം നിരന്തരം കേട്ടിരുന്നു. എന്നാല്‍ സ്വയം പ്രഖ്യാപിത ദൈവങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തരാണെന്നാണ് കരുതുന്നതെന്നും ജയറാം രമേശ് പറഞ്ഞു.