X
    Categories: MoreViews

മോദി-മാക്രോണ്‍ കൂടികാഴ്ച; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രംഗത്തുള്‍പ്പെടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 14 കരാറുകള്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം 16 ബില്യണ്‍ ഡോളറിന്റെ കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടത്. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലൂന്നിയുള്ളതാണ് കരാറുകള്‍. പ്രതിരോധം, സൈനികേതര ആണവ സഹകരണം, സൗരോര്‍ജം, റെയില്‍വെ, മെട്രോ റെയില്‍, ബഹിരാകാശം, നാവിക സഹകരണം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗ്രാമവികസനം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മാക്രോണിനും ഭാര്യ മേരി ക്ലോഡിനും രാഷ്ട്രപതി ഭവനില്‍ വിരുന്നു നല്‍കി.

ഡല്‍ഹിയിലെ ഹൈദരാബാദ് ഭവനില്‍ വച്ചായിരുന്നു മോദി-മാക്രോണ്‍ കൂടികാഴ്ച. പിന്നാലെ ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സംയുക്ത പ്രസ്ഥാവന നടത്തി. ലോകത്തിലെ ഏറ്റവും കരുത്തരായ രാണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളാണ് ഇന്ത്യയും ഫ്രാന്‍സുമെന്ന് മോദി പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള കൂടികാഴ്ചയല്ല. മറിച്ച് സമാന ചിന്താഗതിക്കാരായ രണ്ട് സംസ്‌കാരങ്ങളാണ് ഇവിടെ സമ്മേളിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിക്ഷേപം നടത്താന്‍ പ്രധാനമന്ത്രി ഫ്രാന്‍സിനെ ക്ഷണിച്ചു.

തീവ്രവാദത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് മാക്രോണ്‍ വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിന് പ്രധാന്യം വന്നിരിക്കുകയാണ്. ഇന്ത്യയെ ഫ്രാന്‍സിന്റെ ഒന്നാമത്തെ നയതന്ത്ര പങ്കാളിയാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ യൂറോപ്പിലെ ആദ്യ നയതന്ത്ര പങ്കാളിയാകാനും ഫ്രാന്‍സും ആഗ്രഹിക്കുന്നുവെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസഫിക് മേഖലയിലെ സഹകരണവും കൂടികാഴ്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്ഥിരത ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. 40തോളം വ്യവസായ പ്രമുഖരാണ് മാക്രോണിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ളത്.

chandrika: